റിപ്പബ്ലിക് ദിന സന്ദേശങ്ങളുമായി മന്ത്രിമാര്‍

രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ആഘോഷിക്കുമ്പോള്‍ റിപ്പബ്ലിക് ദിന സന്ദേശങ്ങളുമായി സംസ്ഥാനത്തെ മന്ത്രിമാര്‍. മന്ത്രിമാരായ വീണാ ജോര്‍ജും എ കെ ശശീന്ദ്രനും പി രാജീവും  കെ എന്‍ ബാലഗോപാലും സജി ചെറിയാനും സന്ദേശങ്ങളുമായി രംഗത്തെത്തി.

സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നു കയറ്റം ഉണ്ടാകുന്നുവെന്നും നിയമ നിര്‍മാണ സഭയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ് ഓര്‍മിപ്പിച്ചു. അത് ഭരണ ഘടനയ്ക്ക് എതിരാണെന്നും അതി ദാരിദ്ര്യ നിര്‍മാജനത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഭരണഘടന മൂല്യങ്ങള്‍ക്കെതിരെയും സ്വതന്ത്ര ചിന്തക്കെതിരെയും വെല്ലുവിളി ഉയരുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഭരണഘടനയെ കുറിച്ച് പറയുകയും അതിനെതിരായ നീക്കങ്ങള്‍ അന്തപ്പുരങ്ങളില്‍ നടക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും കേരളത്തിലും അസ്വസ്ഥതയുളവാക്കുന്ന ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മതനിരപേക്ഷത സംരക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് മന്ത്രി പി രാജീവും ഓര്‍മിപ്പിച്ചു. വിയോജിക്കാനുളള സ്വാതന്ത്ര്യവും ഭരണഘടനാപരമാണ്. ധനപരമായ ഫെഡലറിസവും പ്രധാനമാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനം. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ സന്ദേശമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

മതപരമായ വിഭജനത്തിന്റെ വേദനയോടെയാണ് രാജ്യം സ്വതന്ത്രമായത്. മതപരമായ അടിസ്ഥാനത്തില്‍ രൂപം കൊണ്ട രാജ്യങ്ങള്‍ അവരുടെ ആശയങ്ങള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെയും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധം കേരളം തീര്‍ക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉയര്‍ന്ന പൗരബോധവും രാഷ്ട്രീയ സാക്ഷരതയും ഉള്ള സമൂഹമാണ് കേരളം. രാജ്യത്തെ ജനാധിപത്യവും ഫെഡറല്‍ സംവിധാനവും അട്ടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിന്റെ പരിരക്ഷ വളരെ പ്രാധാന്യമുള്ളതാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടി അടിസ്ഥാന സൗകര്യമേഖലകളുടെ വികസനത്തെ പരിമിതപ്പെടുത്തുന്നു. രാജ്യത്തെ മതനിരപേക്ഷത വലിയ ഭീഷണി നേരിടുന്നുവെന്നും വര്‍ഗീയത രാജ്യം നേരിടുന്ന വെല്ലുവിളിയാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഭരണഘടന അട്ടിമറിക്കാന്‍ പല തലത്തിലും ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാം മാറണം. ഭരണഘടന സംരക്ഷിച്ച് നിര്‍ത്തേണ്ട ബാധ്യത നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here