ഭക്ഷണത്തിന് വേണ്ടിയും തമ്മില്‍ത്തല്ല്; കടക്കെണിയില്‍ കുടുങ്ങി പാകിസ്ഥാന്‍

പണപ്പെരുപ്പത്തിലും കടക്കെണിയിലും കുടുങ്ങി പാകിസ്ഥാന്‍ വലയുന്നു. കരുതല്‍ ധന ശേഖരത്തില്‍ ഇനി ബാക്കിയുള്ളത് മൂന്നാഴ്ച ചെലവ് കഴിയാനുള്ള പണം മാത്രമാണ്. വില നിയന്ത്രണാവകാശം വിപണി ശക്തികള്‍ ഏറ്റെടുത്തതോടെ പാകിസ്ഥാനി രൂപ ഒമ്പതര ശതമാനത്തോളം തകര്‍ന്നടിഞ്ഞു. നിലവില്‍ 255ഓളം പാകിസ്ഥാനി രൂപയാണ് ഒരു യുഎസ് ഡോളറിന്.

ഗണ്യമായ കടവും പ്രതിസന്ധി കടുപ്പിച്ച പ്രളയവും പാകിസ്ഥാനെ തകര്‍ച്ചയുടെ വാരിക്കുഴിയിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ കരുതല്‍ ധനശേഖരത്തില്‍ ഇനി ബാക്കിയുള്ളത് അഞ്ച് ബില്യണ്‍ ഡോളറില്‍ താഴെ മാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വിദേശത്തുനിന്ന് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാനും മൂന്നാഴ്ച അരിഷ്ടിച്ച് കഴിയാനുമുള്ള പണമേ പാകിസ്ഥാന് കരുതലായുള്ളൂ. ജിഡിപിയുടെ പലമടങ്ങ് കടമുള്ള പാകിസ്ഥാന് കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റു രാജ്യങ്ങള്‍ കനിയുകയേ നിവൃത്തിയുള്ളൂ.

ഐഎംഎഫില്‍ നിന്ന് പണം കടം വാങ്ങാനുള്ള നീക്കങ്ങളും കെടുതി കൂട്ടുകയാണ്. നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ നടപ്പാക്കിയാല്‍ മാത്രമേ അനുവദിച്ച ഏഴ് ബില്യണ്‍ ഡോളര്‍ തരികയുള്ളൂ എന്നാണ് ഐഎംഎഫ് ശാഠ്യം. നേരത്തെ നികുതികളും വൈദ്യുതിയും വെള്ളക്കരവും കൂട്ടിയ പാകിസ്ഥാന്‍ ഭരണകൂടം കടം കിട്ടാനായി സ്വന്തം രൂപയുടെ വില നിയന്ത്രണാവകാശം വിപണിക്ക് വിട്ടുകൊടുക്കുകയാണ്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിലത്തകര്‍ച്ചയാണ് പാകിസ്ഥാനി രൂപ നേരിട്ടത്.

ഒമ്പതര ശതമാനത്തോളം കുറഞ്ഞ് ഡോളര്‍ ഒന്നിന് 255 രൂപ എന്ന നിലയില്‍ എത്തിനില്‍ക്കുകയാണ്. പല മാര്‍ക്കറ്റുകളിലും ഗോതമ്പുമാവിന് വരെ 3000 രൂപയോളം വിലവര്‍ദ്ധിച്ചതോടെ ഭക്ഷണത്തിനുവേണ്ടിയുള്ള തമ്മിത്തല്ല് വരെ പാകിസ്ഥാനില്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തുള്ള ആളുകളെ അറസ്റ്റ് ചെയ്ത് ഭരണപക്ഷവും അതിനു വേണ്ടി തെരുവില്‍ സമരമണിനിരത്തി പ്രതിപക്ഷവും പോര് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here