മുന്നില്‍ കാര്‍ത്ത്യായനിയമ്മ, പതാകയേന്തി നഞ്ചിയമ്മ; റിപ്പബ്ലിക് ദിന പരേഡില്‍ ഹൃദയം കവര്‍ന്ന് കേരളം

റിപ്പബ്ലിക് ദിന പരേഡില്‍ ഹൃദയം കവര്‍ന്ന് കേരളം. കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 സ്ത്രീകളാണ് കേരള ഫ്‌ലോട്ടില്‍ അണിനിരന്നത്. വനിതകളുടെ ശിങ്കാരിമേളവും, ഗോത്രനൃത്തവും, കളരിപ്പയറ്റും വേറിട്ട അനുഭവമായി. റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീ ശാക്തികരണത്തിന്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി അവതരിപ്പിച്ച കേരളം ഫ്‌ലോട്ടിന് അഭിനന്ദന പ്രവാഹമാണ്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ഫ്‌ലോട്ടിനെ കയ്യടിച്ച് അഭിനന്ദിച്ചു.അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഗോത്ര നൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം എന്നിവ ഏവര്‍ക്കും വേറിട്ട അനുഭവമായി. പെണ്‍കരുത്തും താളവും ചന്തവും മുന്‍പില്‍ വച്ച് റിപ്പബ്ലിക് ദിന പരേഡില്‍ കേരളം കീഴടക്കിയത് നിരവധി ഹൃദയങ്ങളെയാണ്. നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പാട്ട് കേരളം ഒരിക്കല്‍ കൂടി രാജ്യത്തിന് മുന്‍പിലേക്ക് വച്ചു.

ഒപ്പം ദേശീയ പതാകയും കയ്യിലേന്തി നില്‍ക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂര്‍ ഉരുവിന്റെ മാതൃകയിലെത്തിയ ടാബ്ലോയില്‍ തലയെടുപ്പോടെ ചിരി നിറച്ചു നിന്നു. സാക്ഷരതാ പരീക്ഷ ജയിച്ച് നാരീശക്തി പുരസ്‌കാരം നേടിയ ചേപ്പാട് സ്വദേശിനി കാര്‍ത്ത്യായനിയമ്മയുടെ പ്രതിമയാണ് കേരള ടാബ്ലോയുടെ മുന്നിലുണ്ടായിരുന്നത്.

96-ാം വയസ്സില്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മയുടെ പ്രതിമ കേരളത്തിന്റെ ടാബ്ലോയെ കൂടുതല്‍ ഹൃദ്യമാക്കി.കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്.

അതേസമയം കളരിപ്പയറ്റുമായി കളം നിറഞ്ഞത് തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തില്‍ നിന്നുള്ള എട്ട് സ്ത്രീകള്‍ ഗോത്ര പാരമ്പര്യം ഉയര്‍ത്തി ചൂട് വച്ച് രാജ്യത്തിന്റെ ശ്രദ്ധ നേടി. ആദ്യമായാണ് ഗോത്ര നൃത്തം കേരള ടാബ്ലോയുടെ ഭാഗമാകുന്നത്. നാരീ ശക്തിയെ ഗോത്രകലയുമായി സംയോജിച്ച് കേരളം റിപ്പബ്ലിക് ദിന പരിപാടിയില്‍ ഏവരുടെയും മനം കവര്‍ന്നു. പോരാട്ടത്തിന്റെയും കൃഷിയുടെയും കലയുടെയും വിദ്യാഭ്യാസത്തിന്റെയും പാതയിലൂടെ സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കുമെന്ന വലിയ സന്ദേശമാണ് കേരളം രാജ്യത്തിന് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News