ചിന്ത ജെറോമിന്റെ പ്രബന്ധത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡോ ലാല്‍

കുറിപ്പ്

ചിന്താ ജെറോമിന്റെ (Dr. Chintha Jerome) Ph. D പ്രബന്ധത്തില്‍ ഗുരുതര പിഴവെന്നു ചൂണ്ടിക്കാട്ടി വരുന്ന വാര്‍ത്ത കണ്ടപ്പോള്‍ എഴുതണം എന്ന് തോന്നിയതാണ്.

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ക്ക് പകരം വൈലോപ്പിള്ളിയുടെ ‘വാഴക്കുല’ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഒരുപക്ഷേ കുറച്ചു കൂടി ഗൗരവതരമായി നിരീക്ഷിച്ചിരുന്നു എങ്കില്‍ കൂടുതല്‍ തെറ്റുകള്‍ റിപ്പോര്‍ട്ടര്‍ക്ക് കണ്ടെത്താമായിരുന്നു. അക്ഷര തെറ്റുകളും വസ്തുതാപരമായ പിഴവുകളും ഏതൊരു പ്രബന്ധത്തിലുമെന്ന പോലെ ചിന്തയുടെ പ്രബന്ധത്തിലും ഇനിയും കണ്ടെത്താനാകും. അതില്‍ പലതും മൂല്യ നിര്‍ണ്ണയം നടത്തിയവര്‍ സര്‍വകലാശാലക്ക് അയച്ചു കൊടുത്ത റിപ്പോര്‍ട്ടില്‍ അന്നേ ചൂണ്ടിക്കാട്ടിയിട്ടുമുണ്ടാകും. അതിനു ശേഷമാണ് ദിവസങ്ങള്‍ക്കു മുന്‍പേ നിശ്ചയിക്കുന്ന ഒരു തീയതിയില്‍ അക്കാഡമിക് രംഗത്തെ പണ്ഡിതന്മാരും ഗവേഷകരും പൊതു സമൂഹവും അടങ്ങിയ ഒരു സമ്മേളനത്തില്‍ വച്ച് മറ്റെല്ലാ ഗവേഷകരെയും പോലെ ചിന്തയും തുറന്ന പ്രതിരോധത്തിന് (ഓപ്പണ്‍ ഡിഫെന്‍സ് ) വിധേയയായിട്ടുണ്ടാകുക.

അതിനും മുന്‍പേ തന്നെ പ്രബന്ധം ‘പൊതുദര്‍ശനത്തിന്’ ലൈബ്രറിയില്‍ വച്ചിട്ടുണ്ടാകും. ഓപ്പണ്‍ ഡിഫെന്‍സ് സമ്മേളനത്തില്‍ ആകുംവിധം വിജ്ഞാന ദാഹികള്‍ക്ക് ചിന്തയെ ‘പൊരിക്കാന്‍’ അവസരമുണ്ടായിട്ടുണ്ടാകും. അതിനെല്ലാം തൃപ്തികരമായ മറുപടി ചിന്ത നല്‍കിയിട്ടുണ്ടെങ്കില്‍ മൂല്യ നിര്‍ണ്ണയം നടത്തിയവരുടെ പ്രതിനിധിയായി പുറമെ നിന്നും വരുന്ന പണ്ഡിതന്‍ ചിന്തക്ക് ഡോക്ടറേറ്റ് നല്‍കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടാകും. എന്നു വച്ചാല്‍ ചിന്ത വര്‍ഷങ്ങളോളം ഗവേഷണം ചെയ്തു സമര്‍പ്പിച്ച പ്രബന്ധത്തില്‍ ഒരു തെറ്റും ഇല്ലെന്നല്ല അതിനര്‍ത്ഥം. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകന്‍ ആ പ്രബന്ധം മുഴുവന്‍ പ്രൂഫ് റീഡ് ചെയ്തു എന്നല്ല അതിനര്‍ത്ഥം. മറ്റു പ്രബന്ധങ്ങളോ പുസ്തകങ്ങളോ നോക്കി പകര്‍ത്തി വയ്ക്കാത്തവര്‍ക്ക് ധാരാളം പിഴവുകള്‍ സംഭവിക്കാം. അത് പരമാവധി കുറച്ചു ഒരു സ്വന്തം ഗവേഷണസൃഷ്ടി സമര്‍പ്പിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. ആയതിനു വേണ്ട രീതിശാസ്ത്രം വിദ്യാര്‍ത്ഥി പാലിച്ചിട്ടുണ്ടോ എന്നു സാക്ഷ്യപ്പെടുത്തലാണ് ഗവേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നയാള്‍ ചെയ്യുന്നത്.

ഒരു വിഷയത്തില്‍ ഇത്രയും പ്രവര്‍ത്തനം നടത്തി ഡോക്ടറേറ്റ് നേടുന്നതോടെ ആ വിഷയത്തില്‍ മുന്നോട്ടുള്ള ഗവേഷണത്തിന് അര്‍ഹത നേടുന്നു എന്നാണ് അര്‍ത്ഥം. അല്ലാതെ ഒരക്ഷരത്തെറ്റും വസ്തുതാപരമായ പിഴവും ഇല്ലാത്ത ഒരു പ്രബന്ധം ടൈപ്പ് ചെയ്തു സമര്‍പ്പിക്കുന്നതില്‍ വിജയിച്ചു എന്നല്ല. പലപ്പോഴും ഇങ്ങനെ ഡോക്ടറേറ്റ് നേടുന്നവര്‍ തങ്ങളുടെ ഭാവി ഗവേഷണത്തില്‍ തങ്ങളുടെ തന്നെ കണ്ടെത്തലുകളെ തെറ്റാണെന്ന് കണ്ടെത്തിയേക്കാം. പുതിയ കണ്ടെത്തലുകള്‍ ഉണ്ടായേക്കാം. Ph. D പ്രബന്ധത്തിലെ പിഴവുകള്‍ തിരുത്തി അവര്‍ പുസ്തകം പബ്ലിഷ് ചെയ്‌തേക്കാം.

ചിന്താ ജെറോമിനോട് കുറച്ചു ദിവസങ്ങളായി കാണുന്ന മാധ്യമശത്രുതയുടെ പേരില്‍ യൂണിവേഴ്‌സിറ്റി ഗവേഷണപ്രബന്ധങ്ങളെക്കുറിച്ചും ഗവേഷണ മേല്‍നോട്ടത്തെ കുറിച്ചും തെറ്റായ സന്ദേശം പതിവുപോലെ പരക്കാന്‍ ഇടയുള്ളതുകൊണ്ട് ഈ കുറിപ്പ് ഇവിടെ കിടക്കട്ടെ എന്ന് കരുതുന്നു. ഉന്നതവിദ്യാഭ്യാസത്തേക്കുറിച്ചും UGC സംബന്ധമായ വാര്‍ത്തകള്‍ സംബന്ധിച്ചും മാധ്യമങ്ങളില്‍ പലപ്പോഴും ഇത്തരത്തില്‍ പാതി വെന്ത വാര്‍ത്തകളാണ് വരാറുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും ഇതെക്കുറിച്ച് ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഇത്തരം വാര്‍ത്ത സൃഷ്ടിക്കാന്‍ സോഴ്‌സുകള്‍ ആകുന്നവരെങ്കിലും അല്പം ജാഗ്രത പാലിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഇത്തരം വാര്‍ത്തകളോടുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഇടയാക്കും. അതു വഴി ഉന്നതവിദ്യാഭ്യാസത്തെ ‘സേവ്’ ചെയ്യാന്‍ കഴിഞ്ഞേക്കും.
(NB :- ‘വാഴക്കുല’ യുടെ രചയിതാവ് ചങ്ങമ്പുഴയല്ല, വൈലോപ്പിള്ളിയാണെന്നാണ് ചിന്തയുടെ കണ്ടെത്തല്‍ അഥവാ പ്രബന്ധം എന്ന രീതിയിലാണ് മാധ്യമങ്ങളുടെ അവതരണം. ഇത് നേരല്ല. ഗവേഷണബിരുദം നേടാന്‍ ചിന്ത സമര്‍പ്പിച്ച പ്രബന്ധത്തില്‍ ഒരിടത്ത് ഇങ്ങനെ ഒരു പിഴവ് കൂടി ഉണ്ടായിരുന്നു എന്നാണ് വാര്‍ത്തയില്‍ കൊടുക്കേണ്ടത്. അത് തന്നെ ശരിക്കും വാര്‍ത്ത ആണോ എന്ന് ഇതൊക്കെ അനുവദിക്കുന്നവര്‍ ആണ് തീരുമാനിക്കേണ്ടത് )

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here