ലഹരിയില്‍ അകപ്പെട്ട കൗമാരം; എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു

ലഹരി കേസുകളില്‍ ഉള്‍പ്പെട്ടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്‍ ഐ.പി.എസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി രാജീവ് ഐ.ഒ.എഫ്.എസ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗോപകുമാര്‍.ആര്‍, സുല്‍ഫിക്കര്‍.എ.ആര്‍, ഏലിയാസ്.പി.വി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരായ ബി.രാധാകൃഷ്ണന്‍, സലിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് ഈ പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. 155 പേര്‍ കുറ്റാരോപിതരാണ്. 376പേര്‍ വിമുക്തി ജില്ലാ ഡി അഡിക്ഷന്‍ കേന്ദ്രങ്ങളിലും, കോഴിക്കോട് കൊച്ചി തിരുവനന്തപുരം കൗണ്‍സിലിംഗ് സെന്ററുകളിലും ചികിത്സയ്ക്ക് എത്തിയവരാണ്. 69 പേര്‍ ഇരു വിഭാഗങ്ങളിലും ഉള്‍പ്പെടുന്നു. കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടവരോട് എക്‌സൈസ് ഉദ്യോഗസ്ഥരും, ചികിത്സയ്ക്ക് എത്തിയവരില്‍ നിന്ന് മനശാസ്ത്ര വിദഗ്ധരുമാണ് വിവരം ശേഖരിച്ചത്.

കുട്ടികളുടെ സ്വകാര്യത പൂര്‍ണമായി കാത്തുസൂക്ഷിച്ചുുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വേയിലെ 97% കൗമാരക്കാരും ഏതെങ്കിലും ലഹരി ഉപയോഗിച്ചവരാണ്. ഈ സര്‍വേയിലെ കണ്ടെത്തലുകള്‍, സമൂഹത്തിന്റെ മൊത്തം ചിത്രമാകണമെന്നില്ല. എങ്കിലും കൗമാരക്കാരിലെ ലഹരി ഉപയോഗം സംബന്ധിച്ച ചില ദിശാസൂചനകള്‍ ഇത് മുന്നോട്ടുവെക്കുന്നുണ്ട്. ആകെ 20 ചോദ്യങ്ങള്‍ ആണ് സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 20 ചോദ്യങ്ങള്‍ക്കും വിവിധ ഉത്തരങ്ങള്‍ നല്‍കിയിരുന്നു. ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ എഴുതാവുന്ന ചോദ്യങ്ങളും സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സര്‍വ്വെയിലെ പ്രധാന കണ്ടെത്തലുകള്‍

1. സര്‍വ്വെയില്‍ പങ്കെടുത്ത ലഹരിയുമായി സംബന്ധിച്ച കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികളില്‍ നിന്നും, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൗണ്‍സെലിംഗ്, ചികിത്സ എന്നിവയ്ക്ക് വിധേയരായ വ്യക്തികളില്‍ 97 % പേര്‍ ഒരു തവണയെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരാണ്.

2. ലഹരി ഉപയോഗങ്ങളില്‍ 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാര്‍ത്ഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. നിലവില്‍ 77.16% പേരും പുകവലി ഉള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5%പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5% പേരുമുണ്ട്.

3. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78% പേര്‍. സ്വാധീനം മൂലം 72%വും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 51.5% പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.

4. ആദ്യം ഉപയോഗിച്ച ലഹരി ഏത് എന്നായിരുന്നു ഒരു ചോദ്യം. 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവര്‍ 36.66%വും, കഞ്ചാവ് ഉപയോഗിച്ചവര്‍ 16.33%വുമാണ്.

5. 79 % വ്യക്തികള്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി പദാര്‍ത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്ന് ലഹരി ആദ്യമായി ലഭിച്ചവര്‍ 5%മാണ്. സര്‍വേയുടെ ഭാഗമായവരില്‍ 38.16% പേര്‍ ലഹരി വസ്തുക്കള്‍ കൂട്ടുകാര്‍ക്ക് കൈമാറിയിട്ടുള്ളവരാണ്.

6. 70%വും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. 15നും 19നും ഇടയില്‍ ലഹരി ഉപയോഗം തുടങ്ങിയവര്‍ 20%മാണ്. പത്തുവയസിന് താഴെയുള്ള പ്രായത്തിലാണ് 9% ലഹരി ഉപയോഗം ആരംഭിച്ചത്.

7. 46 % വ്യക്തികളും ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കുന്നവരാണ്.

8. ലഹരി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ ചോദിച്ചപ്പോള്‍, മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് കൂട്ടുകാരോടൊപ്പമാണെന്നാണ്. 80% വും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20%പേര്‍ ലഹരി ഉപയോഗിക്കുന്നു. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ലഹരി ഉപയോഗിക്കുന്ന 35.16% പേരുമുണ്ട്. അതേപോലെ, 46% പേരും ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ ലഹരി ഉപയോഗിക്കുന്നവരാണ്.

9. 94.16 % വ്യക്തികളും പുകവലിക്കുന്ന രീതിയിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്.

10. 77.16 % വ്യക്തികളും നിലവില്‍ പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്.

11. ലഹരി ഉപയോഗിക്കുന്നവരില്‍ 61.5%ത്തിനും വായ് വരണ്ടുപോകുന്ന രോഗാവസ്ഥയുണ്ട്. ക്ഷീണം 52%ശതമാനത്തിനുമുണ്ട്. ഉറക്കം സംബന്ധിക്കുന്ന പ്രശ്‌നമുള്ളവരാണ് 38.6% പേരും. അക്രമ സ്വഭാവമുള്ള 37%വും ഡിപ്രഷനുള്ള 8.8%വും ഓര്‍മ്മ പ്രശ്‌നമുള്ള 8.6%വും ആളുകളുണ്ട്.

12. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളള (37.3 %) വ്യക്തികളില്‍ 4.83 % പേര്‍മാത്രമാണ് രണ്ടില്‍ കൂടുതല്‍ തവണ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളളത്.

13. വീണ്ടും ലഹരി ഉപയോഗിക്കാനും ലഹരിക്കടത്തിനും തയ്യാറാകാനുള്ള കാരണം ലഹരിയോടുള്ള ആസക്തി കൊണ്ടാണെന്ന് 16.66% അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങളാണ് പിന്നിലെന്ന് അഭിപ്രായപ്പെട്ടവരാണ് 11.16%.

14. ലഹരി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ 39.83%ത്തിനും ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ട്. 9.6%ത്തിന് ഇപ്പോളും പശ്ചാത്തപമില്ല.

15. കുറ്റാരോപിതരില്‍ 38.16 % പേര്‍ ലഹരി ഉപയോഗത്തിന് തന്റെ സുഹൃത്തുക്കളെകൂടി പ്രലോഭിപ്പിച്ചിട്ടുളളവരാണ്.

16. കുറ്റാരോപിതരില്‍ 41.5% പേര്‍ കൗണ്‍സിലിംഗിന് വിധേയരായിട്ടുളളവരാണ്.

17. കുറ്റാരോപിതരില്‍ 30.78% പേര്‍ ചികിത്സക്ക് വിധേയരായിട്ടുളളവരാണ്.

18. ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരില്‍ 32 % പേര്‍ വിമുക്തി മിഷന്റ വിവിധ പരിപാടികളില്‍ പങ്കെടുക്കണമെന്നും അവരുടെ സുഹൃത്തുക്കളെക്കൂടി കൗണ്‍സെലിംഗിനും ചികിത്സക്കും വിധേയരാക്കുവാനും താല്‍പ്പര്യം പ്രകടിപ്പിച്ചവരാണ്.

19. ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരില്‍ 87.33 % പേര്‍ ലഹരി ഉപയോഗം കുറയ്ക്കുന്നതില്‍ കൗണ്‍സെലിംഗ് ഏറ്റവും പ്രധാനപ്പെട്ട ഘടകമായി സൂചിപ്പിക്കുന്നു.

20. ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരില്‍ 58.16 % പേര്‍ ലഹരി കടത്ത് നിയന്ത്രിക്കുന്നതില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഒരു പ്രധാന ഘടകമാണെന്ന് സൂചിപ്പിക്കുന്നു.

കഞ്ചാവാണ് കൂടുതല്‍ കൗമാരക്കാര്‍ ഉപയോഗിക്കുന്ന ലഹരി വസ്തുവെന്നാണ് സര്‍വേയുടെ നിഗമനം. കഞ്ചാവിലേക്ക് പുകവലിയില്‍ നിന്നാണ് കൗമാരക്കാര്‍ എത്തുന്നത്. കൂടുതല്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ അനിവാര്യമാണ്. എക്‌സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയന്‍, സൈക്കോളജിസ്റ്റ് റീജാ രാജന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഈ സര്‍വ്വെ എക്‌സൈസ് വകുപ്പ് കണ്ടെടുത്ത മയക്കുമരുന്ന് കേസുകളിലെയും വിമുക്തി കേന്ദ്രങ്ങളില്‍ എത്തിയ കൗമാരക്കാരിലും മാത്രം നടത്തിയ ഒരു സര്‍വ്വെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News