സംസ്ഥാന നേതൃത്വത്തെ ഹൈജാക്ക് ചെയ്ത് പ്രകാശ് ജാവ്ദേക്കര്‍

ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ സംസ്ഥാന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ ഹൈജാക്ക് ചെയ്യുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെയും ഉന്നത നയരൂപീകരണ സമിതിയായ കോര്‍കമ്മിറ്റിയെയും നോക്കുകുത്തിയാക്കി പ്രകാശ് ജാവ്‌ദേക്കര്‍ നേരിട്ടാണ് കേരളത്തിലെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പ്രകാശ് ജാവ്‌ദേക്കര്‍ തീരുമാനിച്ച് ഉറപ്പിച്ചതിന് ശേഷമാണ് കേരളത്തിലെ പല പരിപാടികളും സംസ്ഥാന അധ്യക്ഷനും കോര്‍കമ്മിറ്റിയും അറിയുന്നത്. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രകാശ് ജാവ്‌ദേക്കര്‍ സംസ്ഥാന നേതൃത്വത്തില്‍ പിടിമുറക്കുന്നു എന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

കേരളത്തിലെ ഇടപെടലിന്റെ ഭാഗമായി പ്രകാശ് ജാവ്ദേക്കര്‍ ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. ഗവര്‍ണര്‍ പുറത്താക്കിയ കൈരളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ ഒഴിവാക്കിയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഈ മാധ്യമ പ്രവര്‍ത്തകരുടെ കൂടിച്ചേരലും ചായസല്കാരവും പ്രകാശ് ജാവ്‌ദേക്കര്‍ മുന്‍കൈ എടുത്ത് ദില്ലിയില്‍ നടന്നിരുന്നു. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ഉപദേശം അനുസരിച്ചാണ് പ്രകാശ് ജാവ്ദേക്കറുടെ കേരളമിഷന്‍ എന്നും ആക്ഷേപം ഉയരുന്നുണ്ട്. നേരത്തെ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കൈരളി അടക്കം ബി.ജെ.പിയെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഒഴിവാക്കി യോഗം വിളിച്ചതും ആക്ഷേപത്തിന് ഇടവച്ചിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കേരളത്തിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കാളിത്തം ഉണ്ടാകുമെന്ന സൂചനകള്‍ കൂടിയാണ് ഇതുവഴി പുറത്ത് വരുന്നത്.

പരസ്യമായി ആരും രംഗത്ത് വരുന്നില്ലെങ്കിലും പ്രകാശ് ജാവ്‌ദേക്കറുടെ രീതികള്‍ക്കെതിരെ സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. നേരത്തെ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്ത് വരുന്നതിന് മുമ്പായി കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തുടരുമെന്ന് ആലപ്പുഴയില്‍ നടന്ന പൊതുചടങ്ങില്‍ പ്രകാശ് ജാവ്‌ദേക്കര്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യവുമായി ഒരുവിഭാഗം ശക്തമായി മുന്നോട്ടുപോകുമ്പോഴായിരുന്നു പ്രകാശ് ജാവ്‌ദേക്കറുടെ ഈ പ്രസ്താവന. പിന്നീട് ദില്ലിയില്‍ നടന്ന ദേശീയ നിര്‍വ്വാഹസമിതി യോഗം 2024 ജൂണ്‍വരെ കെ.സുരേന്ദ്രന്റെ കാലാവധി നീട്ടി നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന് അനഭിമിതനായ സുരേന്ദ്രനെ നിഴലില്‍ നിര്‍ത്തി മുന്നോട്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് പ്രകാശ് ജാവ്‌ദേക്കര്‍ സുരേന്ദ്രന് രണ്ടാമൂഴം നല്‍കാന്‍ ചരട് വലിച്ചതെന്ന് ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. സംഘടനയ്ക്കുള്ളില്‍ ദുര്‍ബലനായ സുരേന്ദ്രനെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയാണ് പ്രഭാരി സ്ഥാനം ഏറ്റെടുത്തത് മുതല്‍ പ്രകാശ് ജാവ്‌ദേക്കര്‍ മുന്നോട്ടു പോകുന്നത്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്ന സന്ദേശമാണ് പ്രകാശ് ജാവ്‌ദേക്കര്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here