ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചേക്കും

ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ അന്വേഷണം പ്രഖ്യാപിച്ചേക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍, സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. അഭിഭാഷകരടക്കം 14 പേരുടെ മൊഴികളും രേഖകളും അടങ്ങുന്ന റിപ്പോര്‍ട്ടില്‍ ആരോപണം ഗൗരവമുള്ളതാണെന്നാണ് കണ്ടെത്തല്‍.

അഭിഭാഷകരടക്കം 14 പേരുടെ മൊഴികളാണ് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ രേഖപ്പെടുത്തിയത്. കൂടാതെ സൈബി ജോസ് കിടങ്ങൂരിനെതിരെ ചില നിര്‍ണായക രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇവയടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്. പ്രാഥമിക പരിശോധനയില്‍ ആരോപണം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബി ജോസിനെതിരെ കേസെടുക്കണോയെന്ന കാര്യം ഡിജിപി അനില്‍കാന്ത് തീരുമാനിക്കും.

ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് പ്രാഥമികമായ പരിശോധന നടത്തിയത്. ഇതോടെ സൈബി ജോസിനെതിരെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തിയേക്കും. അനുകൂലവിധി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ജഡ്ജിക്ക് പണം നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നും പണം തട്ടിയെന്നാണ് കേസ്. അന്വേഷണം നടക്കുന്നതിനിടെ സൈബി ഹാജരായ കേസിലെ ജാമ്യ ഉത്തരവ് കോടതി പിന്‍വലിച്ചിരുന്നു. 2022 ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഏപ്രില്‍ 29ന് നല്‍കിയ ജാമ്യഉത്തരവ് പിന്‍വലിച്ച് പിന്നീട് പരിഗണിക്കാനായി മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here