കെ സുധാകരനെതിരെ വീണ്ടും എംപിമാർ

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ നീക്കവുമായി വീണ്ടും കേരളത്തിൽ നിന്നുള്ള എംപിമാർ. രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാനാണ് നീക്കം. ഭാരത് ജോഡോ യാത്ര അവസാനിച്ച പശ്ചാത്തലത്തിലാണ് എംപിമാർ സുധാകരനെതിരെയുള്ള നീക്കം ശക്തമാക്കുന്നത്. കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ നാളെ തുടങ്ങാനിരിക്കെയാണ് എംപിമാരുടെ നീക്ക എന്നതും ശ്രദ്ദേയമാണ്.പുനസംഘടന വേഗത്തിലാക്കണമെന്നും എംപിമാർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടും. അടുത്ത പാർലമെൻറ് സമ്മേളനത്തിന് മുമ്പ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാവണം എന്നതാണ് എംപിമാരുടെ ആവശ്യം.

തിരുവനന്തപുരം എം പി ശശി തരൂരിനെതിരെയും എം പിമാർ പരാതി ഉന്നയിക്കും എന്നാണ് സൂചനകൾ.തരൂർ പാർട്ടിക്ക് വിധേയനാവാതെ സ്വന്തം നിലക്ക് പ്രവർത്തനങ്ങൾ നടത്തുന്നു എന്ന വിവാദങ്ങൾ ഉൾപ്പെടെ ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തും.

കെപിസിസി പ്രസിഡൻ്റ് എന്ന നിലയില്‍ കെ സുധാകരന്റെ പ്രവര്‍ത്തനം പരാജയമാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് നേരത്തെ ഒരു വിഭാഗം എംപിമാര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരന്റെ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് തിരിച്ചടിയാകുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അനാരോഗ്യം മൂലം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുധാകരന് മുഴുവന്‍ സമയ ശ്രദ്ധ പുലര്‍ത്താനാകാത്തതും ഇവര്‍ കത്തിൽ ചൂണ്ടിക്കാട്ടി .സുധാകരൻ്റെ തുടർച്ചയായ ആർഎസ്എസ് അനുകൂല പ്രസ്താവനകളിലും എംപിമാർക്ക് അതൃപ്തിയുണ്ട്.

അതേ സമയം കോണ്‍ഗ്രസിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ക്കും സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്.പാര്‍ട്ടിയിലെ പുനസംഘടന പൂര്‍ത്തിയാക്കാനായില്ലെന്ന വിമർശനമാണ് പ്രധാനമായും ഇവരും ചൂണ്ടിക്കാട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here