സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി

സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വര്‍ഗ്ഗീയവാദികള്‍ ഇല്ലാതാക്കിയതെന്നും ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനുപകരം ഗാന്ധി മരണപ്പെട്ടു എന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന അവസ്ഥപോലും ഇന്ന് രാജ്യത്ത് പലയിടത്തുമുണ്ടാവുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്നതിന്റെ കൂടി തെളിവാണത്. വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിന് ഇന്ത്യയ്ക്കുള്ള എന്നത്തേയും മറുമരുന്നാണ് ഗാന്ധി സ്മൃതി. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വിശാല അര്‍ത്ഥത്തില്‍ ജനാധിപത്യ പ്രതിരോധമുയര്‍ത്താന്‍ തയ്യാറാവുക എന്നതാണ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നാം ഏറ്റെടുക്കേണ്ട കടമയെന്നും ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവര്‍ഷം തികയുകയാണ്. ഭൂരിപക്ഷ മതവര്‍ഗ്ഗീയതയുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നു. ഹിന്ദുരാഷ്ട്രവാദികള്‍ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്. അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിന് കടകവിരുദ്ധമാണ്. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോള്‍ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേല്‍ക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കാന്‍ ഗാന്ധിജി സ്വജീവന്‍ ബലി കൊടുക്കുകയായിരുന്നു.

സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും നമ്മുടെ രാജ്യം ബഹുമുഖമായ വെല്ലുവിളികള്‍ നേരിടുകയാണ്. രാജ്യത്തെ മതനിരപേക്ഷതയും ബഹുസ്വരമൂല്യങ്ങളും ഫെഡറല്‍ സംവിധാനങ്ങളും വരെ ആക്രമിക്കപ്പെടുന്നു. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. ആ ആര്‍എസ്എസ് ആണ് ഇന്ന് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നയിക്കുന്നതും ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍ പറത്തി മുന്നോട്ടുപോകുന്നതും. വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി സംഘപരിവാര്‍ അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുകയാണ്. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്ന നിലപാടുള്‍പ്പെടെ സ്വീകരിക്കുകയുണ്ടായി. രാജ്യത്തെ ഫെഡറല്‍ മൂല്യങ്ങളില്‍ വെള്ളം ചേര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നു.

മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വര്‍ഗ്ഗീയവാദികള്‍ ഇല്ലാതാക്കിയത്.
ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനുപകരം ഗാന്ധി മരണപ്പെട്ടു എന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന അവസ്ഥപോലും ഇന്ന് പലയിടത്തുമുണ്ടാവുന്നു. സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്നതിന്റെ കൂടി തെളിവാണത്. വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിന് ഇന്ത്യയ്ക്കുള്ള എന്നത്തേയും മറുമരുന്നാണ് ഗാന്ധി സ്മൃതി. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വിശാല അര്‍ത്ഥത്തില്‍ ജനാധിപത്യ പ്രതിരോധമുയര്‍ത്താന്‍ തയ്യാറാവുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നാം ഏറ്റെടുക്കേണ്ട കടമ. ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys