കളമശ്ശേരിയില്‍ പഴകിയ കോഴിയിറച്ചി പിടികൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

കളമശ്ശേരിയില്‍ പഴകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇറച്ചി സൂക്ഷിച്ചിരുന്ന കൈപ്പടമുകളിലെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. അനധികൃത സ്ഥാപനം തുടങ്ങിയത് രണ്ടര വര്‍ഷം മുമ്പാണെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

പ്രതികളായ മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ്, സഹായി നിസാബ് എന്നിവരെ കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാണ് തെളിവെടുപ്പിലേക്ക് കടന്നത്. അന്വേഷണ സംഘം രാവിലെ പ്രതികളുമായി എച്ച് എം ടി ജംഗ്ഷന് സമീപം കൈപ്പടമുകളിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. രണ്ടര വര്‍ഷത്തിലേറെയായി സ്ഥാപനം പ്രവര്‍ത്തിച്ചു വരികയാണെന്ന് പ്രതികള്‍ സമ്മതിച്ചു. കോഴിയിറച്ചിയും അല്‍ഫാം, ഷവര്‍മ്മ തുടങ്ങിയ വിഭവങ്ങളും ഹോട്ടലുകള്‍ക്ക് വിതരണം ചെയ്തിരുന്നതായും പ്രതികള്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് കോഴിയും ഇറച്ചിയും വാങ്ങിയിരുന്നത്. മാംസമായും വിഭവങ്ങളായും ഹോട്ടലുകള്‍ക്ക് വില്‍ക്കുകയായിരുന്നു പതിവ്. കേടായിട്ടുണ്ടോയെന്ന് പരിശോധിക്കാറില്ലെന്നും പ്രതികള്‍ സമ്മതിച്ചു. സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയ 49 ഹോട്ടലുകളുടെ ലിസ്റ്റ് ശരിയാണ്. എന്നാല്‍ അടുത്ത കാലത്ത് 24 ഹോട്ടലുകള്‍ക്ക് മാത്രമേ ഇറച്ചിയും വിഭവങ്ങളും നല്‍കിയിരുന്നുള്ളൂ. എസ് എച്ച് ഒ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലും തെളിവെടുപ്പും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here