അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിനിലൂടെ 15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളില്‍ അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല, ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പരിശീലനം അന്തിമഘട്ടത്തിലാണ്. മറ്റ് ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍മാര്‍ ശക്തമായ നേതൃത്വം നേതൃത്വം ഏറ്റെടുക്കേണ്ടതാണ്. ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആസൂത്രണം ചെയ്യേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വിവ കേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ ചെയര്‍മാന്‍. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ അംഗങ്ങളാണ്. ജില്ലാതല സമിതിയില്‍ ജില്ലാകളക്ടര്‍മാരാണ് ചെയര്‍മാന്‍. ജില്ലാതലത്തില്‍ അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നേതൃത്വം നല്‍കുന്ന ജില്ലാതല ഇപ്ലിമെന്റേഷന്‍ കമ്മിറ്റിയുമുണ്ട്. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് വര്‍ക്കിംഗ് ഗ്രൂപ്പും പ്രവര്‍ത്തിക്കും.

മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന ജില്ലകളുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഫീല്‍ഡ് ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം മുഖേന ആണ്‍പെണ്‍ ഭേദമില്ലാതെ നടപ്പിലാക്കും. കാമ്പയിനില്‍ ട്രൈബല്‍ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിവിധ ട്രൈബല്‍ കോളനികളില്‍ പോയി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ജില്ലകളില്‍ എന്‍ജിഒകളുടെ സഹകരണം ഉറപ്പാക്കും. തുടര്‍ ചികിത്സയ്ക്കായി ഡേറ്റ കൃത്യമായി ശേഖരിക്കണം. പരിശോധിക്കുമ്പോള്‍ അപ്പോള്‍ തന്നെ വിവിരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. ജില്ലകള്‍ക്ക് സഹായം ആവശ്യമാണെങ്കില്‍ മെഡിക്കല്‍ കോളേജുകളെ സമീപിക്കാവുന്നതാണ്. ഓരോ വകുപ്പുകളും ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഗൈഡ്ലൈന്‍ പുറത്തിറക്കുന്നതാണ്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, ആയുഷ് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here