ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സെബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി

ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടി തുടങ്ങി. പരാതികളില്‍ വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍ നോട്ടീസയച്ചു. അതിനിടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിജിപി, അഡ്വക്കെറ്റ് ജനറലിനോട് നിയമോപദേശം തേടി.

കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകര്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നല്‍കിയിരുന്നു.

ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കിയതോടെ സൈബി ജോസിന് വിശദീകരണം നല്‍കേണ്ടി വരും. മാത്രമല്ല പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ കേള്‍ക്കും. അതിനിടെ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി അനില്‍കാന്ത് നിയമോപദേശം തേടി. അഡ്വക്കെറ്റ് ജനറലിനോടാണ് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയത്.

പ്രാഥമിക പരിശോധനയില്‍ ആരോപണം ഗൗരവമുള്ളതാണെന്നും എഫ്‌ഐആര്‍ ഇട്ട് വിശദമായ അന്വേഷണം വേണമെന്നുമാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അഭിഭാഷകര്‍ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. എജിയുടെ നിയമോപദേശപ്രകാരമാകും ഡിജിപി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here