ലോകത്തിന് ഇന്ത്യ മാതൃകയെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഏറ്റവും അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷമെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.

ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ മുന്നേറ്റത്തെ കാണുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും പ്രാമുഖ്യം നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ആരോടും വിവേചനമില്ലാതെ, തുല്യത ഉറപ്പാക്കുന്നതാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും രാഷ്ട്രപതി പറഞ്ഞു.

പാവപ്പെട്ടവരെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു. ധൈര്യവും നിശ്ചയദാര്‍ഢ്യവും ഉള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ലോകത്തെ പല പ്രശ്‌നങ്ങള്‍ക്കും മാതൃകയാകാന്‍ ഇന്ത്യക്ക് സാധിക്കുന്നുവെന്നും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

രാജ്യതാല്പര്യത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. രാജ്യമാണ് പ്രധാനം. നിയന്ത്രണ രേഖയിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തി. ഭീകരവാദത്തെ വിട്ടുവീഴ്ചയില്ലാതെ നേരിട്ടു. 370-ാം അനുഛേദം റദ്ദാക്കിയും, മുത്തലാഖ് നിരോധിച്ചും രാജ്യത്തിന്റെ താല്പര്യത്തിന് വേണ്ടി സര്‍ക്കാര്‍ നിലകൊണ്ടുവെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയ ശേഷമുള്ള ദ്രൗപതി മുര്‍മുവിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് കൂടിയാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതി ഭവനില്‍ നിന്ന് അശ്വാരൂഡ സേനയുടെ അകമ്പടിയോടെ പാര്‍ലമെന്റിലേക്ക് എത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here