വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ബജറ്റ്?

ദിപിൻ മാനന്തവാടി

ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് നാളെ. ഒമ്പത് സംസ്ഥാനങ്ങളില്‍ 2023ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും 2024ലെ പൊതുതെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക രാഷ്ട്രീയ ബജറ്റായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും പൊതുകടവുമെല്ലാം പരിഗണിക്കുമ്പോള്‍ സാമ്പത്തിക വിനിയോഗത്തിലെ സൂത്രപ്പണികള്‍ ബജറ്റില്‍ ഉണ്ടായേക്കും. എന്നാല്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ബജറ്റില്‍ നയപരമായ മാറ്റങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യതയില്ല.

രണ്ടാം മോദി സര്‍ക്കാര്‍ നേരിട്ടത് വലിയ കര്‍ഷക സമരമാണ്. സര്‍ക്കാരിനെതിരെയുള്ള കര്‍ഷക രോഷം തുടരുമ്പോള്‍ അത് തണുപ്പിക്കാന്‍ ചില പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ എത്രമാത്രം കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നത് കണ്ടുതന്നെ അറിയണം. നിലവില്‍ വളം ലഭ്യതയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും.

റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചതോടെ രാജ്യത്തെ വളം ലഭ്യതയില്‍ കുറവ് നേരിട്ടിരുന്നു. അമോണിയ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രധാന രാസവളം ഇറക്കുമതി പങ്കാളികളാണ് റഷ്യയും യുക്രെയിനും. വളത്തിന്റെ വിലവര്‍ദ്ധനവ് ഉള്‍പ്പെടെ പരിഹരിക്കാന്‍ ബജറ്റില്‍ കൂടുതല്‍ സബ്സിഡി പ്രഖ്യാപനം ഉണ്ടാകുമോയെന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്. കാര്‍ഷിക വിളകളുടെ സംഭരണവില വര്‍ദ്ധിപ്പിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതും കര്‍ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.

രാജ്യത്തെ ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മയും ആളുകളുടെ വരുമാനത്തിലെ ഇടിവും സമാനതകളില്ലാതെ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് രണ്ടാം മോദി സര്‍ക്കാര്‍ അവസാനത്തെ സമ്പൂര്‍ണ്ണ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുനല്‍കുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോട് മുഖംതിരിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തുമോ എന്നത് നിര്‍ണ്ണായകമാണ്. നിലവില്‍ ശരാശരി 48 ദിവസം മാത്രമാണ് പല സംസ്ഥാനങ്ങളിലും പരമാവധി ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍.

മിക്ക സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് കൂലിയുടെ കുടിശ്ശിക കേന്ദ്രം ഇനിയും ലഭ്യമാക്കാനുണ്ട്. 2022-23 ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 25% വെട്ടിക്കുറച്ചിരുന്നു. 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുനല്‍കിയ പദ്ധതിയില്‍ ആകെ വകയിരുത്തിയത് പ്രതിദിനം 334 രൂപ വെച്ച് 16 ദിവസത്തേക്ക് കൂലി നല്‍കാനുള്ള തുക മാത്രമായിരുന്നു. ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ തൊഴിലില്ലായ്മയും പരിഗണിച്ച് ഇത്തവണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വര്‍ദ്ധിപ്പിക്കുമോ എന്നതും പ്രധാനമാണ്.

രാജ്യത്തെ വിലക്കയറ്റം തടഞ്ഞു നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ടാകുമോ എന്നതാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. എഫ്.സി.ഐയുടെ സംഭരണശേഷിയെ ബഫര്‍ പരിധിയില്‍ നിര്‍ത്തി സ്വകാര്യമേഖലയ്ക്ക് ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എഫ്.സി.ഐയുടെ ബഫര്‍ സംഭരണ ശേഷിയെക്കാള്‍ 25% മാത്രം കൂടുതല്‍ സംഭരിച്ച് ബാക്കിവരുന്ന ഗോതമ്പ് സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനായിരുന്നു തീരുമാനം.

ഇത് പ്രകാരം 30 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് വിറ്റഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 5 ലക്ഷം മെട്രിക് ടണ്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും 25 ലക്ഷം മെട്രിക് ടണ്‍ സ്വകാര്യ മേഖലയ്ക്കുമാണ് നല്‍കുക. ഇങ്ങനെ നല്‍കുന്ന ഗോതമ്പ് കിലോയ്ക്ക് പരമാവധി 23 രൂപ ഈടാക്കി വില്‍ക്കാം എന്നതാണ് നിബന്ധന. ഇതില്‍ നിന്നുണ്ടാക്കുന്ന ആട്ടപ്പൊടിക്ക് 29.50 രൂപ കിലോയ്ക്ക് ഈടാക്കാന്‍ അനുമതിയുണ്ട്.

നികുതി കൂടി പരിഗണിക്കുമ്പോള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങാന്‍ കഴിയുന്നതിലും കൂടിയ വിലയില്‍ മാത്രമേ ഈ നിലയില്‍ എഫ്.സി.ഐയില്‍ നിന്ന് വാങ്ങുന്ന ഗോതമ്പ് സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കാന്‍ സാധിക്കു. അതിനാല്‍ തന്നെ എഫ്.സി.ഐ സംഭരിക്കുന്ന ഗോതമ്പ് സ്വാകാര്യ മേഖലയ്ക്ക് നല്‍കുന്ന നയം നിലവില്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമല്ല എന്ന വിമര്‍ശനമുണ്ട്. ഇത്തരം നയസമീപനങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലയില്‍ ഇടപെട്ട് വിലയക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്ത് സമീപനമാണ് ബജറ്റില്‍ സ്വീകരിക്കുക എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ഭക്ഷ്യഎണ്ണ, പരിപ്പ്, പയര്‍ ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ദ്ധനവ് രാജ്യത്തെ സാധാരണക്കാരുടെ ജീവതം ദുരിതത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ കാലയളവില്‍ 20 രൂപവരെയാണ് രാജ്യത്ത് പാലിന് വില വര്‍ദ്ധിച്ചത്. ബജറ്റിന് മുന്നോടിയായി സഭയില്‍ വെച്ച സാമ്പത്തിക സര്‍വ്വെ ഒട്ടും ആശ്വാസം നല്‍കുന്ന പ്രവചനങ്ങളല്ല നടത്തുന്നത്. വിലക്കയറ്റം അതിരൂക്ഷമായി തുടരുമെന്ന് പറയുന്ന സര്‍വ്വെ ആശങ്കകള്‍ കൂട്ടുന്നതാണ്. വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ല എന്ന സൂചനയായി സാമ്പത്തിക സര്‍വ്വെയിലെ ഈ വിലയിരുത്തിലിനെ കണക്കാക്കുന്നുണ്ട്.

റെയില്‍വെ, എല്‍.ഐ.സി ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം പ്രതീക്ഷിച്ച നിലയില്‍ സര്‍ക്കാരിന് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. നിലവില്‍ പ്രഖ്യാപിക്കപ്പെട്ട നിരക്കില്‍ ഇവ ഏറ്റെടുക്കാന്‍ സ്വകാര്യമേഖല മുന്നോട്ടുവരുന്നില്ല. പൊതുമേഖലയെ വിറ്റഴിക്കുക എന്ന നയസമീപനം സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ ബജറ്റില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്.

രാജ്യത്തെ അതിസമ്പര്‍ക്കും സമ്പന്നര്‍ക്കും അധികനികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഏര്‍പ്പെടുത്തുന്ന നികുതിവരുമാനം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ദാരിദ്രം കുറക്കാനുള്ള പദ്ധതികളിലും വിനിയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 50%ത്തോളം നൂറോളം വരുന്ന അതിസമ്പന്നരുടെ കൈവശം മാത്രം കേന്ദ്രീകരിക്കുന്നതായുള്ള പഠനങ്ങള്‍ പുറത്തുവരുന്ന കാലത്ത് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമോ എന്നതും പ്രധാനമാണ്. രാജ്യത്ത് അസമത്വം ചരിത്രത്തിലില്ലാത്ത വിധത്തില്‍ ഉയര്‍ന്ന തേതില്‍ എത്തിയിരിക്കുന്ന ഘട്ടത്തില്‍ അസമത്വം കുറച്ചുകൊണ്ട് വരാനും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോ എന്നതും പ്രധാനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here