ഇന്ന് കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ സംസ്ഥാനങ്ങള്‍

പാർലമെന്റിൽ ഇന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 2024 പൊതു തെരഞ്ഞെടുപ്പിന് മുൻപുള്ള കേന്ദ്രസർക്കാരിൻറെ സമ്പൂർണ്ണ ബജറ്റ് കൂടിയാണിത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളും വാഗ്ദാനങ്ങളുമായിരിക്കും ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുക.

ജനങ്ങളെ ഒപ്പം നിർത്തുക മാത്രമല്ല വോട്ടുകൾ നേടുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രഖ്യാപനങ്ങൾ ആയിരിക്കും ബജറ്റിൽ .അതേസമയം കടമെടുപ്പ്‌ പരിധി ഉയർത്തലും ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി നീട്ടലും മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യമാണ്‌.

കടമെടുപ്പ് പരിധി 2017ന്‌ മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളും പല സംസ്ഥാനങ്ങളും ഉറ്റുനോക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് രാജ്യം വീണ്ടും ഒരു ബജറ്റിന് സാക്ഷിയാകുന്നത്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും ഇത്തവണത്തെ കേന്ദ്ര ബജറ്റ് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുന്നുവെന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ധനമന്ത്രി ഇന്ന് ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം (2022-23) 7 % ആണ് വളര്‍ച്ച. എന്നാല്‍ പ്രതീക്ഷിച്ചതിലും കുറവാണ് സംഭവിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം (2023 – 24 ) 6.5 % വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് പുറത്തുവന്ന സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ബജറ്റ് ഈ സര്‍വ്വെ റിപ്പോര്‍ട്ടിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്.

ആഗോളവളര്‍ച്ച കുറയുന്ന കാരണത്താല്‍ 2023-2024 വെല്ലുവിളി നിറഞ്ഞ സാമ്പത്തിക വര്‍ഷമാണ്. ഇന്ത്യയുടെ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയര്‍ന്നതാണ്. ഇത് പിടിച്ചുനിര്‍ത്താന്‍ ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തേണ്ടത് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

വിദ്യാഭ്യാസ മേഖലയേയും ബജറ്റ് എങ്ങനെ പരിഗണിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. 2022-23ല്‍ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം മൊത്തം ഫണ്ടിന്റെ 2.6 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിനായി 40828.35 കോടി നീക്കിവച്ചപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി 63449.37 രൂപ അനുവദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് പര്യാപ്തമല്ല എന്നതായിരുന്നു സത്യാവസ്ഥ.

അതിനാല്‍ത്തന്നെ ഇന്നത്തെ കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റലൈസേഷനും അന്താരാഷ്ട്രവല്‍ക്കരണത്തിലും ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും എന്നാണ് പ്രതീക്ഷ. ഈ വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3-3.5 ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നാണ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം സ്വകാര്യവത്കരണത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ കൂടുതല്‍ ശ്രമം ഇത്തവണത്തെ ബജറ്റിലും ഉണ്ടായേക്കും എന്ന ആശങ്കയും പൊതുസമൂഹത്തിലുയരുന്നുണ്ട്.

പൊതുമേഖല കമ്പനികള്‍ വിറ്റ് 65,000 കോടി നേടാനുള്ള ശ്രമിച്ചിരുന്നുവെങ്കിലും ഇത് വരെ അതിന്റെ പകുതിയെ സാധ്യമായിട്ടുള്ളു എന്നത് ആശ്വാസകരമായ ഒന്ന്തന്നെയാണ്. അതിനാല്‍തന്നെ അടുത്തവര്‍ഷം 75,000-80,000 കോടിയെങ്കിലും സമാഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ എന്ന കാര്യവും ആശങ്കയുണര്‍ത്തുന്നുണ്ട്.

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായിരിക്കും ഇന്ന് ധനമന്ത്രി അവതരിപ്പിക്കുക. അതുകൊണ്ടുതന്നെ രാഷ്ട്രീയ ബജറ്റായി ഇന്നത്തെ ബജറ്റ് മാറുമോ എന്നതും ഒരു പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്. ഇത് ഇടത്തരക്കാര്‍ക്കുള്ള ആദായ നികുതിഇളവിന്റെ രൂപത്തില്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആദായ നികുതി ഇളവിന്റെ പരിധി നാലോ അഞ്ചോ ലക്ഷം രൂപയായി ഉയര്‍ത്താനും സാധ്യതയുണ്ട്.

ഒമ്പത് സംസ്ഥാനങ്ങളില്‍ 2023ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും 2024ലെ പൊതുതെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക രാഷ്ട്രീയ ബജറ്റായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel