കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്: മുഖ്യമന്ത്രി

കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും ബജറ്റ് തേടുന്നില്ല. പ്രാദേശിക സംന്തുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്താത്തതും കേരളത്തിന്റെ റെയില്‍ വികസനത്തിനായുള്ള പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.

സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി. 3 ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15-ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകളില്‍ ഉള്ളത് ഒരാവര്‍ത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്രത്തിന്റെ ധനകമ്മി 6.4 ശതമാനമായിരിക്കും. കൊവിഡിന്റെ പ്രത്യാഘാതങ്ങളില്‍പ്പെട്ട് ഉഴലുന്ന സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞത് 4 ശതമാനമെങ്കിലും അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചിട്ടില്ല. മൂലധന ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശരഹിത വായ്പ ഈ വര്‍ഷവും തുടരും എന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതില്‍ ധാരാളം നിബന്ധനകളുണ്ടെന്ന സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്. ഇത് സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്കനുസൃതമല്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക അസമത്വങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി വിദഗ്ദ്ധരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുടെമേല്‍ ന്യായമായും ചുമത്തേണ്ട നികുതി ചുമത്താനുള്ള നടപടികള്‍ ഒന്നുംതന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ല.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തിക വര്‍ഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 89,400 കോടി രൂപയാണ്. 2023-24 ല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സുപ്രധാനമായ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് വിഹിതത്തില്‍ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്.

ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികള്‍ക്ക് 2021-22 ല്‍ 15097.44 കോടി രൂപ ചെലവിട്ടിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 11,868.63 കോടിയായി കുറഞ്ഞിട്ടുണ്ട്. 2023-24 ലെ ബജറ്റ് വകയിരുത്തില്‍ ഇത് 8820 കോടി രൂപയായി കുറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷനു വേണ്ടി 2021-22 ല്‍ 27,447.56 കോടി രൂപ ചെലവിട്ടു. 2022-23 ലെ പുതുക്കിയ കണക്കുകളില്‍ ഇത് 28,974.29 കോടി രൂപയാണ്. 2023-24 ലെ ബജറ്റ് അനുമാനത്തില്‍ ഇത് 29,085.26 കോടി രൂപയാണ്. കേവലം 0.42 ശതമാനത്തിന്റെ നാമമാത്രമായ വര്‍ദ്ധന. ആരോഗ്യമേഖലയോട് വേണ്ടത്ര പരിഗണന ഉണ്ടായിട്ടില്ല എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങളാണിത്.

കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് പരിശോധിച്ച് അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. കേരളത്തിന്റെ റെയില്‍വേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂര്‍വ്വമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റ് സമ്മേളനത്തില്‍ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News