ശിങ്കിടികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റവരാണ് NDA സര്‍ക്കാര്‍: തോമസ് ഐസക്

ശിങ്കിടികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റവരാണ് NDA സര്‍ക്കാരെന്ന് തോമസ് ഐസക്. ഇഷ്ടക്കാര്‍ക്ക് യഥേഷ്ടം വായ്പ കൊടുക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്നു. സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറഞ്ഞ സാഹചര്യത്തിലെ ബജറ്റാണിതെന്നും പാവപ്പെട്ടവരെ കാണാത്ത ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ പ്രഖ്യാപിച്ച ഇത്രയും പദ്ധതികള്‍ക്ക് എങ്ങനെ പണം കണ്ടെത്തി? പണം കണ്ടെത്തി ചെലവാക്കിയാലും ഇതിന് പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകുമോ? പൊതുമേഖലാ നിക്ഷേപം വരുമ്പോള്‍ സ്വകാര്യനിക്ഷേപകരും കൂടുതല്‍ നിക്ഷേപം നടത്തും. ഇന്ത്യയിലെ മൂലധനച്ചെലവ് ഗണ്യമായി ഉയരും. ഒരു ഘട്ടത്തില്‍ രാജ്യത്തെ മൂലധനച്ചെലവ് ദേശീയ വരുമാനത്തിന്റെ ഏതാണ്ട് 40% എത്തിയിരുന്നു. അത് പിന്നീട് ഇടിഞ്ഞു. NDA അധികാരത്തില്‍ വരുമ്പോള്‍ 32% മാത്രമാണ് ഉണ്ടായിരുന്നത്. 9 വര്‍ഷം ഭരിച്ചിട്ടും അതിന് മുകളിലേക്ക് പോയില്ല. കൊവിഡ് വന്നപ്പോള്‍ അത് 27 ശതമാനവുമായി. വലിയൊരു ചോദ്യം ഇവിടെയുണ്ട്. പൊതുമൂലധനച്ചെലവ് ബജറ്റില്‍ കൂട്ടിയിട്ടും എന്തുകൊണ്ടാണ് സ്വകാര്യ നിക്ഷേപം വര്‍ദ്ധിക്കാത്തതെന്നും തോമസ് ഐസക് ചോദിച്ചു.

എല്ലാ മുതലാളിമാരെയും സ്വകാര്യ നിക്ഷേപകരെയും ഒരുപോലെ കാണാന്‍ കേന്ദ്രം തയ്യാറല്ല. ശിങ്കിടികള്‍ ആണെങ്കില്‍ പ്രത്യേക പരിഗണന ആണ്. മിനിമം ഗവണ്‍മെന്റ് എന്നു പറയുമെങ്കിലും ശിങ്കിടികള്‍ വന്നാല്‍ മാക്‌സിമം ഗവണ്‍മെന്റ് ആണ്. എന്തെല്ലാം ചെയ്ത് കൊടുക്കാന്‍ പറ്റുമോ അതെല്ലാം അവര്‍ക്ക് ചെയ്ത് കൊടുക്കും. ഇഷ്ടക്കാരാണെങ്കില്‍ അവര്‍ക്ക് ലക്ഷങ്ങളും കോടികളും കൊടുക്കും. മുംബൈ എയര്‍പോര്‍ട്ട് അദാനി ഏറ്റെടുത്തതിന് പിന്നിലെ കഥകളെല്ലാം കുപ്രസിദ്ധമാണെന്നും തോമസ് ഐസക് പ്രതികരിച്ചു.

ഈ ബജറ്റ് ലക്ഷ്യമിടുന്നത് സര്‍ക്കാര്‍ നിക്ഷേപം കൂടിയാല്‍ സ്വകാര്യ നിക്ഷേപം കൂടുമെന്നതാണ്. അദാനിയുടെ നിക്ഷേപം കൂടിക്കാണും. എന്നാല്‍, ഇന്ത്യയിലെ സ്വകാര്യ മുതലാളിമാരുടെ നിക്ഷേപം കൂടിയിട്ടില്ല. അത് കൂടിയാലേ ബജറ്റ് വിജയിക്കൂ. അതിന്റെ കാരണം പക്ഷപാതപരമായി അദാനിയെപ്പോലുള്ളവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here