ആശാനേ…. കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 13 വർഷം

ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളത്തിൻ്റെ സ്വന്തം കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്ന് 13 വർഷം. 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന്‍ ഹനീഫയ്ക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിനൽകിയത്. കരള്‍ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിൻ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിവച്ചു പോയ വിടവ് ഇപ്പോഴും നികത്താനായിട്ടില്ല.

Remembering the veteran actor Cochin Haneefa on his 12th death anniversary  through his rare pictures | The Times of India

നിഷ്കളങ്ക ഹാസ്യം മുഖമുദ്രയാക്കിയ കൊച്ചിൻ ഹനീഫയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കഥാപാത്രങ്ങൾ നിരവധിയാണ്. കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എൽദോയായും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയായും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍. പറക്കും തളികയിലെ ഇന്‍സ്‌പെക്ടര്‍ വീരപ്പന്‍ കുറുപ്പിനെയും പുലിവാല്‍ക്കല്ല്യാണത്തിലെ ടാക്‌സി ഡ്രൈവറെയുമൊക്കെ എങ്ങനെയാണ് മലയാളികൾക്ക് മറക്കാനാവുക?

Remembering Cochin Haneefa on his 10th death anniversary | Malayalam Movie  News - Times of India

കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി ജനിച്ച ഹനീഫ ബോട്ടണി ബിരുദധാരിയാണ്. സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെയും കോളേജിലെയും വിദ്യാഭ്യാസ കാലത്ത് മോണോ ആക്ടിലൂടെയായിരുന്നു താരത്തിന്റെ രംഗപ്രവേശം. ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം. തുടർന്ന് വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ മലയാളസിനിമയുടെ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളിലാണ് ഈ പ്രതിഭ വേഷമിട്ടത്. മലയാളികള്‍ക്ക് മുന്നില്‍ കൊച്ചിന്‍ ഹനീഫയായി തിളങ്ങി നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടുകാരുടെ സ്വന്തം വി.എം.സി ഹനീഫയായിരുന്നു ഇദ്ദേഹം.

Remembering Cochin Haneefa through his immortal roles in Kollywood | The  Times of India

നടൻ എന്നതിനപ്പുറം തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് കൊച്ചിൻ ഹനീഫ. വാത്സല്യം, ആൺകിളിയുടെ താരാട്ട് എന്നിവ ഉൾപ്പെടെ അര ഡസനോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മലയാളത്തിൽ മാത്രമല്ല, തമിഴിലും അദ്ദേഹം ഏതാനും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പതിനഞ്ചോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കുകയും ചെയ്തു.മദ്രാസ് പട്ടണം, യന്തിരന്‍ തുടങ്ങിയ സിനിമകളായിരുന്നു അദ്ദേഹത്തിന്റതായി അവസാനമായെത്തിയത്.

REMEMBERING COCHIN HANEEFA, A GEM OF MALAYALAM CINEMA... : r/Kerala

ദിലീപ് ചിത്രമായ ബോര്‍ഡിഗാര്‍ഡായിരുന്നു കൊച്ചിന്‍ ഹനീഫയുടേതായി പുറത്തിറങ്ങിയ അവസാനത്തെ മലയാള ചിത്രം. കാലങ്ങളേറെ കടന്നുപോയാലും കലാകാരൻ തന്റെ കലയിലൂടെ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നതിന് ഉദാഹരണമാണ് കൊച്ചിൻ ഹനീഫ. പ്രേക്ഷകനും അഭിനേതാവും തമ്മിലുള്ള അന്തരമില്ലാതാക്കിയ എണ്ണംപറഞ്ഞ അഭിനേതാക്കളിൽ ഒരാളായിരുന്നു കൊച്ചിൻ ഹനീഫ. കരളിലെ കാൻസറാണ് 2010ൽ കൊച്ചിൻ ഹനീഫയെ മരണത്തിലേക്ക് കൊണ്ടുപോയത്. അഭിനയപ്രതിഭയുടെ ഓർമകൾക്കു മുന്നിൽ പ്രണാമം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News