കരുനാഗപ്പള്ളി സംഭവത്തിൽ സഭയിൽ വാക്കേറ്റം; അസംബന്ധം വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി

സിപിഐഎമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള സ്ഥലമാക്കി നിയമസഭയെ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരുനാഗപ്പള്ളി സംഭവത്തിൽ ചർച്ചയാവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനിടെ കോൺഗ്രസ് എം എൽ എ മാത്യു കുഴൽ നാടൻ നടത്തിയ പരാമര്ശങ്ങൾക്കെതിരെയായിരുന്നു മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

കരുനാഗപ്പള്ളിയിൽ നിരോധിത പുകയില വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൽ ചർച്ച വേണമെന്നായിരുന്നു മാത്യു കുഴൽ നാടന്റെ ആവശ്യം. സിപിഐഎമ്മിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടി ഓഫീസിന്റെ പടി കയറുന്നത് ലഹരി വസ്തുക്കൾ വിറ്റ കാശു കൊണ്ടാണ്, പാർട്ടി ഗ്രൂപ്പ് സംരക്ഷിക്കാനിറങ്ങുമ്പോൾ ലഹരി മാഫിയ നിങ്ങളുടെ വീട്ടിലും കടന്നു വരുമെന്ന് ഓർക്കണം. ഒരു കോടിയുടെ നിരോധിത പുകയില വിറ്റ കേസിലെ പ്രതികളെ മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നുവെന്നും പ്രതികൾക്ക് സജിചെറിയാൻ ക്ലീൻ ചീറ്റ് നൽകിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. അതിനെതിരെ എഴുന്നേറ്റ മുഖ്യമന്ത്രി ശക്തമായ ഭാഷയിലാണ് മാത്യു കുഴൽനാടന് മറുപടി നൽകിയത്.

സിപിഐഎമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചുപറയാമെന്ന് കരുതരുത്. ഈ രീതിയിലാണോ അടിയന്തരപ്രമേയം അവതരിപ്പിക്കേണ്ടതെന്നും എന്തിനും ഒരു അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിര് ലംഘിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

താൻ പറഞ്ഞിട്ടാണ് മാത്യു കുഴൽനാടൻ അടിയന്തരപ്രമേയം അവതരിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ വി ഡി സതീശനും എഴുന്നേറ്റു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കുറ്റവാളി അല്ലെന്ന് വാർത്താ സമ്മേളനം വിളിച്ച് ഒരു മന്ത്രി തന്നെ പറയുമ്പോൾ എങ്ങിനെ സ്വതന്ത്ര അന്വേഷണം നടക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതോടെ സഭയിൽ ബഹളമായി. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

ശിഹാബ് തങ്ങളിന്റെ പഴയ ആംബുലൻസ് കഥപറഞ്ഞ് മന്ത്രി എം ബി രാജേഷ്

പ്രതിപക്ഷത്തിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. മാത്യു കുഴൽ നാടൻ അദ്ദേഹത്തിൻറെ നോട്ടീസിൽ നിന്നുകൊണ്ടല്ല സംസാരിച്ചത്.യുഡിഎഫ് കാലത്താണ് സംസ്ഥാനത്ത് മദ്യ മാഫിയ തഴച്ചുവളർന്നത്. യുഡിഎഫ് വളർത്തിയ മണിച്ചനെ അറസ്റ്റ് ചെയ്തത് എൽ ഡി എഫ് ഭരണക്കാലത്താണെന്നും എം ബി രാജേഷ് തിരിച്ചടിച്ചു. പലതും വിളിച്ചുപറയാൻ തങ്ങൾക്കും അറിയാം പക്ഷെ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അതിന് മുതിരുന്നില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.

കരുനാഗപ്പള്ളി സംഭവത്തിൽ അറസ്റ്റിലായ പ്രതികളല്ല, വാഹനത്തിന്റെ ഉടമ പ്രതിയല്ല എന്നാണ് പൊലീസ് പറഞ്ഞത്. ഒരിക്കൽ ആംബുലൻസിൽ മയക്കുമരുന്ന് കടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. ആംബുലൻസ് ശിഹാബ് തങ്ങൾ ട്രസ്റ്റിന്റേതായിരുന്നു. ലീഗ് പ്രവർത്തകനായിരുന്നു കേസിലെ പ്രതി, അതിൽ ആർസി ഓർണറെ അറസ്റ്റ് ചെയ്യേണ്ട കാര്യം ഇല്ലല്ലോ എന്നും എം ബി രാജേഷ് ചോദിച്ചു. ചിന്തൻ ശിബിരത്തിൽ പീഡന പരാതി ഉയർന്നിട്ട് കോൺഗ്രസ് നടപടി എടുത്തോ… ശാസ്താംകോട്ട കോളേജിൽ മയക്കുമരുന്ന് കേസിൽ കെഎസ്‌യു നേതാവിനെതിരെ നിലവിൽ അന്വേഷണം നടക്കുകയാണ്… പറയാനാണെങ്കിൽ ഇങ്ങനെ നിരവധി കേസുകൾ. സ്പീക്കർ അനുവദിക്കുകയാണെങ്കിൽ ആ പട്ടിക ഞാൻ വായിക്കാം, എന്നാൽ അത് വായിച്ചാൽ പ്രതിപക്ഷത്തിന് സഭ വിട്ട് പോകേണ്ടിവരും എം ബി രാജേഷ് കൂട്ടിചേർത്തു.

കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലാണ് എന്ന് പറയുന്നതുപോലെ പ്രതിപക്ഷത്തിന്റെ കണ്ണ് രാഷ്ട്രീയ ലാഭത്തിലാണ്… സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മന്ത്രി സഭയിൽ മറുപടിയായി പറയുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News