കേന്ദ്രവും കോര്‍പ്പറേറ്റുകളും ഇരട്ടകളെപ്പോലെ: മുഖ്യമന്ത്രി

കേന്ദ്രവും കോര്‍പ്പറേറ്റുകളും ഇരട്ടകളെപ്പോലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. രാജ്യത്ത് മത നിരപേക്ഷതയും ഫെഡറലിസവും അസാധാരണ വെല്ലുവിളി നേരിടുന്നു. ഇതിന് നേതൃത്വം നല്‍കുന്നവര്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുകയാണെന്നും കൊവിഡ് കാലത്ത് കാര്യമായ സഹായം പോലും കേന്ദ്രത്തില്‍ നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പല വികസന പദ്ധതികളും മുടക്കാന്‍ എംപിമാര്‍ ശ്രമിക്കുകയാണ്. ഫെഡറല്‍ തത്വങ്ങളെ മാനിക്കാതെ കേന്ദ്രം നിയമനിര്‍മാണം നടത്തുകയാണ്. കേരളത്തിലെ വികസന പദ്ധതികളില്‍ എങ്ങനെ തുരങ്കം വയ്ക്കാം എന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആഗോള തലത്തില്‍ സര്‍ക്കാരുകളുടെ കടബാധ്യത വര്‍ധിക്കുകയാണ്. കേരളം അധികവായ്പക്കുള്ള അര്‍ഹത നേടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് കൊവിഡ് കാലത്ത് വായ്പ എടുത്തത്. അത് കോണ്‍ഗ്രസ് ധൂര്‍ത്തായി ചിത്രീകരിച്ചു. വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഐക്യത്തോടെ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ്. കണക്കുകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷം. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നു എന്നതില്‍ സംശയമില്ല. വസ്തുനിഷ്ടമായ ഒരു വിമര്‍ശനവും നയപ്രഖ്യാപനത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. രാജ്യത്ത് മാതൃ- ശിശു മരണനിരക്ക് കുറവ് കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ഭരണത്തില്‍ ഒരിടത്തും മരവിപ്പ് ഉണ്ടായില്ല. കൊവിഡ് കാലത്ത് കാര്യമായ സഹായം കേന്ദ്രത്തില്‍ നിന്ന് ഉണ്ടായില്ല. അതിനെതിരെ വാക്കു കൊണ്ടു പോലും കേരളത്തിലെ പ്രതിപക്ഷം പ്രതികരിച്ചില്ല. അത് കോണ്‍ഗ്രസ്- ബിജെപി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. മരുമക്കത്തായ കാലത്തെ ഹൃദയശൂന്യരായ അമ്മാവന്മാരെ പോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. മരങ്ങള്‍ വെട്ടി കാട് നിലനിര്‍ത്താം എന്നു പറയും പോലെയാണ് സംസ്ഥാനങ്ങളുടെ വരുമാനം ഇല്ലാതാക്കുന്ന കേന്ദ്ര നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here