മദ്യ അഴിമതി:പണം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചു, കേജരിവാളിൻ്റെ പേരും കുറ്റപത്രത്തിൽ

ദില്ലിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി മദ്യ അഴിമതിയിൽ നിന്നുള്ള പണം ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ പുതിയ കുറ്റപത്രം. കുറ്റപത്രത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ പേരും പരാമർശിക്കുന്നു.തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ നേതാവ്   കവിത, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെ എംപിയായ മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാർമയിലെ ശരത് റെഡ്ഡി എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.

ദില്ലി മദ്യ അഴിമതിക്കേസിലെ പ്രതിയായ ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് വിജയ് നായർ തന്റെ ഫോണിൽ നിന്ന് ഇൻഡോസ്പിരിറ്റ്‌സ് മേധാവി സമീർ മഹേന്ദ്രുവും കെജ്‌രിവാളും തമ്മിൽ  വീഡിയോ കോൾ ചെയ്തതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്രിവാളിനുമെതിരെയാണ് ഇഡി അനുബന്ധ കുറ്റപത്രം നൽകിയിരിക്കുന്നത്. അഴിമതിയിലൂടെ ലഭിച്ച പണം ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു. വിജയ് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ 100 കോടിയിലേറെ സമാഹരിച്ചു. അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ്നായര്‍ ആണെന്നും കുറ്റപത്രം പറയുന്നു. 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുകയും രണ്ട് സീറ്റുകൾ നേടുകയും ചെയ്തു.

മുമ്പ് മദ്യ അഴിമതിക്കേസിൽ വ്യവസായി സമീർ മഹേന്ദ്രുവിനും നാല് സ്ഥാപനങ്ങൾക്കുമെതിരെ ഇഡി നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ദില്ലി സർക്കാരിന്റെ എക്സൈസ് നയം 2021-22 കഴിഞ്ഞ വർഷം ജൂലൈ 31 ന് റദ്ദാക്കി. നയം തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും ക്രമക്കേടുകളും ഉണ്ടെന്നായിരുന്നു ആരോപണം.

മദ്യലോബിയുടെ ഒത്താശയോടെ ദില്ലി എക്‌സൈസ് നയം പരിഷ്‌കരിച്ചപ്പോൾ അഴിമതി നടന്നതായും ഇഡിയും സിബിഐയും കണ്ടെത്തിയിരുന്നു . മദ്യനയത്തിന് കീഴിൽ ലൈസൻസുമായി ബന്ധപെട്ട് മദ്യ ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകുകയും ചെയ്തതായി കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here