
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി രണ്ടു പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന. എല്ലാ വാഹനങ്ങിലും ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷനറുകള്‍ സൂക്ഷിക്കണമെന്നും അപകടമുണ്ടാകുമ്പോള്‍ വാഹനത്തിന്റെ ഡോറുകള്‍ തുറക്കാനുള്ള പരിശീലനം എല്ലാ കുടുംബാംഗങ്ങളും നേടണമെന്നും കണ്ണൂര്‍ ആര്‍.എഫ്.ഒ പറഞ്ഞു. ഫയര്‍ സ്റ്റേഷനില്‍ അറിയിക്കാന്‍ വെകിയത് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ ഫയര്‍ സ്റ്റേഷന് തൊട്ടടുത്താണ് കാര്‍ കത്തി രണ്ടുപേര്‍ മരിച്ചത്. മിന്നല്‍ വേഗത്തില്‍ ഫയര്‍ എഞ്ചിന്‍ എത്തുമ്പോഴേക്കും ആളിപ്പടര്‍ന്ന തീയില്‍ രണ്ട് പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ദൃക്‌സാക്ഷികളിലാരെങ്കിലും അല്‍പ്പം വേഗത്തില്‍ വിവരമറിയിച്ചിരുന്നെങ്കില്‍ അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം തന്നെ ഒട്ടും വൈകാതെ ഫയര്‍ ഫോഴിസിനെ അറിയിക്കുക എന്ന കടമ കൂടി ജനങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് കണ്ണൂര്‍ ആര്‍.എഫ്.ഒ ഹരിദാസന്‍ പറഞ്ഞു.
വാഹനം ഉപയോഗിക്കുന്നവരും കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ കുടുംബാംഗങ്ങളും അപകടം ഉണ്ടായാല്‍ നേരിടാനുള്ള പ്രാഥമിക കാര്യങ്ങള്‍ പഠിക്കണം. കാറില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ചെറിയ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷറുകള്‍ നിര്‍ബന്ധമായും കരുതണം. സെന്‍ട്രല്‍ ലോക്കുള്ള കാറുകള്‍ അകത്ത് നിന്നും തുറക്കാന്‍ കുടുംബത്തിലെ എല്ലാവരും പഠിക്കണം. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പോലും അപകടങ്ങള്‍ കുറയ്ക്കാമെന്നും ആര്‍.എഫ്.ഒ ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ കാര്‍ കത്തി രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ ഇത്തരം അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അഗ്‌നിരക്ഷാസേന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here