സംസ്ഥാന ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാന ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്‍ അടക്കം ജലവിഭവ വകുപ്പിന്റെ പ്രധാന പദ്ധതികള്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ബജറ്റ് വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ്. വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 910 കോടിയോളം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ജലജീവന്‍ മിഷന് 500 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടുകളിലെ മണ്ണും ചെളിയും മണലും നീക്കം ചെയ്ത് സംഭരണശേഷി കൂട്ടുന്നതിനായി നൂതന പദ്ധതി ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇതുവഴി പ്രളയം അടക്കം തടയാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടനാട്ടില്‍ പുറം ബണ്ട് ശക്തമാക്കുന്നതിന് ഫണ്ട് അനുവദിച്ചത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്. കുട്ടനാട്ടിലെ ഏറ്റവും പരിസ്ഥിതി ലോല പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് 100 കോടി രൂപയാണ് ബജറ്റില്‍ വക കൊള്ളിച്ചിരിക്കുന്നത്. കുട്ടനാട്ടില്‍ പുതിയ ബണ്ടുകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളത് ശക്തിപ്പെടുത്തുന്നതിനുമുള്ള തുക 87 കോടിയില്‍ നിന്ന് 137 കോടിയായി ഉയര്‍ത്തിയതും കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകും.

വിവിധ ജലസേചന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചതും കനാല്‍ നവീകരണത്തിന് തുക നീക്കി വച്ചിരിക്കുന്നതും കര്‍ഷകരെ മനസ്സില്‍ കണ്ടുകൊണ്ടാണ്. വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 160 കോടി രൂപയോളം അനുവദിച്ചത് തീരപ്രദേശത്തുള്ളവര്‍ക്ക് ആശ്വാസം പകരും. കെ.എം മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി വഴി എല്ലാ ജില്ലകളിലും ആധുനിക മൈക്രോ ഇറിഗേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 12 കോടി രൂപ ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്.

ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിനായി 37 കോടി രൂപ അനുവദിച്ചതും തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപ നീക്കി വച്ചിരിക്കുന്നതും നദികള്‍ മാലിന്യമുക്തമാക്കാന്‍ 2 കോടി അനുവദിച്ചതും ഭാവി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here