കേരളത്തിന്റെ വികസനപാത മുന്നോട്ട് നയിക്കുന്നതാണ് സംസ്ഥാന ബജറ്റ്: മുഖ്യമന്ത്രി

കേരളത്തിന്റെ വികസനപാത മുന്നോട്ട് നയിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സേവനങ്ങളെ മെച്ചപ്പെടുത്താനും സര്‍ക്കാരിന്റെ സഹായഹസ്തം എല്ലാ മേഖലകളിലും എത്തിക്കാനുള്ള സമഗ്രസമീപനമാണ് ബജറ്റിലുള്ളത്. ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍, ശാസ്ത്ര സാങ്കേതിക മേഖലയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നല്‍ എന്നിവ ബജറ്റിന്റെ സവിശേഷതയാണ്. ബജറ്റിനെ ജനം പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസനപാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാര്‍ഷിക-വ്യവസായ മേഖലകള്‍ പുത്തനുണര്‍വിന്റെ പടവുകളിലാണ്. ഈ വികസനയാത്രക്ക് വേഗം കൂട്ടുകയും കൂടുതല്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

പ്രയാസങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമിടയില്‍ വികസനക്കുതിപ്പും സര്‍വ്വതല സ്പര്‍ശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റില്‍ തേടിയിട്ടുണ്ട്. നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി.വരുമാനത്തിലെ 24 ശതമാനം വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നു.

വിലക്കയറ്റം നേരിടാന്‍ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവഗണിച്ച റബര്‍ കര്‍ഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്‌സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തില്‍ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെയും കേന്ദ്രസര്‍ക്കാരിന്റെ അവഗണന നിറഞ്ഞതും അസമത്വം വര്‍ധിപ്പിക്കുന്നതുമായ സമീപനങ്ങളെയും അതിജീവിച്ച് ഈ നാടിനെ മുന്നോട്ടു നയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത എല്ലാ രീതിയിലും പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here