ബീഫ് കഴിച്ചവര്‍ക്കും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്താന്‍ വിലക്കില്ലെന്ന് ആര്‍.എസ്.എസ്

രാജ്യത്തിന്റെ ആശയം നിര്‍വ്വചിക്കുന്നത് ഹിന്ദുത്വമാണെന്നും ആര്‍.എസ്.എസ്സാണ് അതിന്റെ ആശയ കൊടിക്കൂറ പേറുന്നതെന്നുമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസ്‌ബെലെ. ഹിന്ദുക്കള്‍ ഗോമാംസം കഴിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ടാകാം. അവര്‍ക്ക് ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നതിന് വിലക്കില്ലെന്നാണ് ഹോസ്‌ബെലെ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ബീഫ് വിഷയത്തില്‍ ആര്‍.എസ്.എസ് ജന.സെക്രട്ടറിയുടെ പരാമര്‍ശം.

ഗോമാംസം കഴിച്ചവര്‍ക്ക് ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നതിന് വിലക്കില്ലെന്ന ദത്താത്രേയ ഹോസ്‌ബെലെയുടെ പ്രസ്താവന ഘര്‍വാപ്പസിയെന്ന സംഘപരിവാര്‍ പ്രചരണം വീണ്ടും സജീവമാക്കുന്നതാണ്. ആര്‍എസ്എസ് എന്തെന്ന് മനസ്സിലാക്കാന്‍ ഒരാള്‍ അവരുടെ മനസ്സ് മാത്രമല്ല, ഹൃദയവും തുറക്കേണ്ടതുണ്ടെന്നും ഹൊസ്‌ബെലെ പറയുന്നു.

ദത്താത്രേയയുടെ പ്രസ്താവനയുടെ ചുവട് പിടിച്ച് ബ്രാഹ്മണര്‍ അടക്കമുള്ള ഹിന്ദുക്കള്‍ ബീഫ് തിന്നിരുന്ന ചരിത്രം പൗരാണിക കാലത്ത് ഉണ്ടായിരുന്നു എന്ന ചര്‍ച്ചയും ഉയര്‍ന്നു വരുന്നുണ്ട്. ബീഫ് ഹിന്ദുക്കള്‍ക്ക് നിക്ഷിദ്ധമാണ് എന്ന വിവരണം ഹിന്ദുത്വയുടെ മുതലെടുപ്പിനുള്ള തന്ത്രമാണെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. ഉല്ലേഖും ദത്താത്രേയയുടെ പ്രസ്താവനയെ പരിഹസിച്ച് രംഗത്തു വന്നു.

ഹോസ്‌ബെലെയോട് അംബേദ്കറുടെ ‘ബീഫ്, ബ്രാഹ്മിന്‍സ് & ബ്രോക്കണ്‍ മെന്‍’ വായിക്കുന്നത് നല്ലതാണെന്ന് ഉല്ലേഖ് ഓര്‍മ്മപ്പെടുത്തുന്നു. പഴയ ബുദ്ധമതക്കാരില്‍ നിന്ന് വ്യത്യസ്തരാകുന്നതിന് ബ്രാഹ്മണര്‍ രണ്ട് ‘വിപ്ലവ’ങ്ങളിലൂടെ കടന്നുപോയതെങ്ങനെയെന്ന് അംബേദ്കര്‍ പുസ്തകത്തില്‍ പറയുന്നത് ഉല്ലേഖ് ട്വിറ്ററില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ‘ആദ്യം ബ്രാഹ്മണര്‍ ഗോമാംസം ഒഴിവാക്കി, തുടര്‍ന്ന് എല്ലാതരം മാംസങ്ങളും ഒഴിവാക്കിയെന്ന് സസ്യാഹാരിയായ’ ഉല്ലേഖ് കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here