മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ച; വസ്തുതാവിരുദ്ധമായ വാര്‍ത്തകളില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെ നല്‍കിയ വാര്‍ത്തകളില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കിയതിനാണ് കോടതി അതൃപ്തി അറിയിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

ജഡ്ജിക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടതെന്നും കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നുമാണ് ഹൈക്കോടതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും കോടതി കുറിപ്പില്‍ പറയുന്നു.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് തെറ്റായ ധാരണകളോടെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടു.

പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. വസ്തുത എന്താണെന്ന് തിരക്കാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന രീതിയല്ല.

ബഹുമാന്യനായ ചീഫ് ജസ്റ്റിസ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് തന്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഹൈക്കോടതി തൃപ്തരല്ല,’ ഹൈക്കോടതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here