മൂന്നാറില്‍ ശൈശവ വിവാഹം

മൂന്നാറില്‍  ശൈശവ വിവാഹം. ഇരുപത്തിയാറുകാരനായ യുവാവാണ് പതിനേഴുകാരിയെ വിവാഹം ചെയ്തത്. സംഭവത്തില്‍ വരനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനില്‍ മണിമാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണിമാരന്‍ നിലവിൽ ഒളിവിലാണ്. ചൊക്കനാട് എസ്റ്റേറ്റിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഇയാള്‍.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. 2022 ജൂലൈയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്ന് വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്ന് വിവാഹം നടത്തിയതെന്നാണ് വരന്റെ ആരോപണം. പെണ്‍കുട്ടി ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ്.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാതെയാണ് വിവാഹം നടന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന് മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു.

കഴിഞ്ഞാഴ്ചയാണ് ഇടമലക്കുടിയിലും സമാനരീതിയില്‍ ശൈശവവിവാഹം നടന്നത്. 15 വയസ്സുകാരിയെ 47 വയസ്സുകാരനായിരുന്നു വിവാഹം ചെയ്തത് .ഒരു മാസം മുമ്പാണ് വിവാഹം നടന്നത്. വിവാഹം മരവിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോടതിയെ സമീപിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here