ശൈശവ വിവാഹം; അസമില്‍ 2278 പേര്‍ അറസ്റ്റില്‍

ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കി അസം സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങള്‍ കൊണ്ട് 4,074 ശൈശവ വിവാഹ കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ശക്തമായ നടപടികള്‍ തുടരുകയാണ്.

14 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. 14നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ജാമ്യമില്ലാ വകുപ്പുകളും 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചിരുന്നു.

ശൈശവ വിവാഹങ്ങളും നേരത്തെയുള്ള മാതൃത്വവും തടയാന്‍ ലക്ഷ്യമിട്ടാണ് അസം മന്ത്രിസഭയുടെ പുതിയ നടപടികള്‍. 8,000 പ്രതികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. മതസ്ഥാപനങ്ങളില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here