ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ഇലക്ട്രീഷ്യന്‍ ദയാലാല്‍ ആണ് പിടിയിലായത്. സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കൈപ്പമംഗലം സ്വദേശിനിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യുവതിയെ വിദഗ്ദ ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സില്‍ യുവതിയോടൊപ്പം സഹായിയായി ദയാലാലും കയറിയിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എത്തിച്ച് മടങ്ങിയ ആംബുലന്‍സില്‍ തിരികെ വരാന്‍ ഇയാള്‍ തയ്യാറായില്ല. ബന്ധുവെന്ന വ്യാജേനയായിരുന്നു പ്രതി യുവതിക്കൊപ്പം തങ്ങിയത്. തുടര്‍ന്ന് ആശുപത്രി കിടക്കയില്‍ വെച്ച് ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് പ്രതി ദയാലാല്‍.

ദയാലാലിനെ കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടി മുളങ്കുന്നത്തുകാവ് പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. അതേസമയം, വിഷയത്തില്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി. മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

108 ആംബുലന്‍സിലാണ് യുവതിയെ എത്തിച്ചത്. വനിത ജീവനക്കാര്‍ ഈ ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ യുവതിയെ പരിചരിച്ചത് വനിതാ ജീവനക്കാരാണ് . ആശുപത്രിയിലെ കേസ് ഷീറ്റില്‍ യുവതിയുടെ കെയര്‍ ഓഫ് ആയി ദയാലാലിന്റെ പേരും എഴുതിയിട്ടുണ്ട്. അടുത്ത ബന്ധുവാണെന്ന് ഇയാള്‍ പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here