തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 4300 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളില്‍ മരണം 4300 കടന്നു. തുര്‍ക്കിയില്‍ 2921 പേരുടെയും സിറിയയില്‍ 1444 പേരുടെയും മരണമാണ് സ്ഥിരീകരിച്ചത്. 5000ലധികം കെട്ടിടങ്ങളാണ് തുര്‍ക്കിയില്‍ മാത്രമായി തകര്‍ന്നു വീണത്. മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുന്നുണ്ട്. മരണസംഖ്യ 8 മടങ്ങായി ഉയര്‍ന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.

തുര്‍ക്കി നഗരമായ ഗാസിയതപ്പിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തിങ്കള്‍ പുലര്‍ച്ചെ 4.17നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായത്. കെയ്റോ വരെ അതിന്റെ പ്രകമ്പനമുണ്ടായി. 100 കിലോമീറ്റര്‍ അകലെ പകല്‍ 1.30നാണ് (ഇന്ത്യന്‍ സമയം വൈകിട്ട് നാല്) രണ്ടാമത്തെ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്കുശേഷമാണ് മൂന്നാമത്തെ ഭൂകമ്പം ഉണ്ടായത്. തീവ്രത ആറ് രേഖപ്പെടുത്തി. തുടര്‍പ്രകമ്പനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി.

പുറത്തുവരുന്ന നാശനഷ്ടവിവരങ്ങള്‍ കൂടുതലും ആദ്യ ഭൂകമ്പത്തിന്റേതാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജെബ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. ഇരുരാജ്യങ്ങളിലുമായി ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഉറങ്ങിക്കിടന്ന ആയിരക്കണക്കിന് ആളുകള്‍ കെട്ടിടങ്ങള്‍ക്കടിയിലായി. ദുരന്തബാധിത മേഖലയില്‍നിന്ന് ആയിരക്കണക്കിന് ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. മഞ്ഞും മഴയും കടുത്ത തണുപ്പുമുള്ള കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഭൂകമ്പങ്ങളും തുടര്‍ചലനങ്ങളും ഉണ്ടായത് മേഖലയിലെ പരിമിതമായ ആശുപത്രികള്‍ നിറഞ്ഞുകവിയാനും ഇടയാക്കി. വിവിധ രാജ്യങ്ങളും നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയും ദുരന്തം നടന്ന മേഖലയില്‍ അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യന്‍ സംഘവും തുര്‍ക്കിയിലേക്ക് തിരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here