ചുരത്തിലെ കുരുക്ക് പഴങ്കഥയാകുന്നു; റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാവും

താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി റോപ്‌വേ വരുന്നു. റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ലക്കിടിയില്‍ നിന്ന് അടിവാരം വരെയാണ് റോപ്‌വേ നിര്‍മ്മിക്കുക. 2025ഓടെ പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തുചേര്‍ന്ന എം.എല്‍.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റോപ്‌വേ നിര്‍മ്മാണ പദ്ധതിയുടെ വേഗം കൂട്ടുന്നതിനായി വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിക്കാനും തീരുമാനമായി.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്‌വേ നിര്‍മ്മാണം നടത്തുക. അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റര്‍ നീളത്തിലാണ് റോപ്‌വേ നിര്‍മ്മാണം. 40 കേബിള്‍ കാറുകളാണുണ്ടാവുക. പദ്ധതിയ്ക്കായി 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി അടിവാരത്ത് പത്തേക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും വാങ്ങിയിരുന്നു.

താമരശ്ശേരി ചുരത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകളും വര്‍ധിക്കും. പദ്ധതി സാധ്യമായാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ്‌വേ ആയിരിക്കും ഇത് എന്ന പ്രത്യേകതയുമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട യോഗത്തില്‍ എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഒ.എ. വീരേന്ദ്രകുമാര്‍, ബേബി നിരപ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News