‘ശൈശവ വിവാഹം’; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന ഭയത്താല്‍ വിവാഹത്തലേന്ന് 17കാരി ആത്മഹത്യ ചെയ്തു

ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന ഭയത്താല്‍ അസമില്‍ പതിനേഴുകാരി ജീവനൊടുക്കി. ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടി തുടരവെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പ്രണയിച്ച യുവാവുമായി അടുത്ത ദിവസമായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം.

ശൈശവ വിവാഹത്തിനെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയതോടെ വിവാഹം നടന്നാല്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് മകള്‍ ഭയന്നതായി അമ്മ പറയുന്നു. അതേസമയം, പെണ്‍കുട്ടിയുടെ മരണം പ്രഥമദൃഷ്ട്യ ആത്മഹത്യയാണെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂവെന്നും കച്ചാര്‍ എസ്പി പറഞ്ഞു. കൂടാതെ പെണ്‍കുട്ടിക്ക് അവളുടെ കുടുംബവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു.

ശൈശവ വിവാഹങ്ങള്‍ക്കെതിരെ അസം സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 4,074 ശൈശവ വിവാഹ കേസുകള്‍ ആണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ദിവസവും അസമിൽ ശക്തമായ നടപടികള്‍ തുടരുകയാണ്.

14 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റുകൾ. 14നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ശൈശവ വിവാഹങ്ങളും നേരത്തെയുള്ള മാതൃത്വവും തടയാന്‍ ലക്ഷ്യമിട്ടാണ് അസം മന്ത്രിസഭയുടെ പുതിയ നടപടികള്‍. 8,000 പ്രതികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. മതസ്ഥാപനങ്ങളില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News