വിജേഷിന് ഇത് രണ്ടാം ജന്മം; കുത്തനെയുള്ള പാറക്കെട്ടിലൂടെ യുവാവിനെ തോളില്‍ താങ്ങി “ഫസലുദ്ദീന്‍”

കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി അവശനായ തമിഴ്നാട് സ്വദേശി വിജേഷിന് രക്ഷകനായി കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കല്‍ ഫസലുദ്ദീന്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്. വെള്ളച്ചാട്ടത്തിലെ ആഴമധികം ഇല്ലാത്ത ഭാഗത്തായിരുന്നു വിജേഷ് ഇറങ്ങിയിരുന്നത്.

എന്നാല്‍ നീന്തലറിയാത്ത വിജേഷ് ആഴമുള്ള ഭാഗത്തേക്ക് തെന്നിനീങ്ങുകയും വെള്ളച്ചാട്ടത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. ഉടന്‍തന്നെ മറ്റ് സുഹൃത്തുക്കള്‍ ഉടന്‍ വിജേഷിനെ രക്ഷപ്പെടുത്തിയെങ്കിലും കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ക്ഷീണിതനായ വിജേഷിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുകളിലേക്ക് എത്തിക്കുക എന്നത് ശ്രമകരമായ ദൃത്യം തന്നെയായിരുന്നു.

അന്‍പതടിയിലേറെ താഴ്ചയില്‍ ആരോഗ്യം വഷളായ നിലയില്‍ കഴിഞ്ഞ വിജേഷിനെ സ്വന്തം ജീവന്‍ പോലും അവഗണിച്ച് രക്ഷിക്കാനായാണ് ഫസലുദ്ദീനെത്തിയത്. സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെ പരാജയപ്പെട്ട ദൗത്യത്തെ തന്റെ ആത്മവിശ്വാസവും കരുത്തും കൊണ്ട് വിജയിപ്പിക്കുകയായികരുന്നു ഇയാൾ.

വിജേഷിനെ ചുമലില്‍ കെട്ടി മുകളിലേക്ക് കയറില്‍ തൂങ്ങി കയറ്റാൻ കഴിയുമെന്ന് പറഞ്ഞ് മുന്നോട്ട് വന്ന ഫസലുദ്ദീനെ കൂടെയുള്ളവര്‍ അസാധ്യമെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജേഷിന്റെ ജീവനായി രണ്ടുംകൽപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. നജാത്തിലെ ബസ് ഡ്രൈവര്‍ ഫസലുദ്ദീന് കിണര്‍ കുഴിച്ചുള്ള പരിചയമാണ് കയറില്‍ തൂങ്ങി കയറാനുള്ള ആത്മ വിശ്വാസവും കരുത്തും ധൈര്യവും നല്‍കിയത്.

കെട്ടിത്തൂക്കിയ കയറിലൂടെ താഴേക്കിറങ്ങുകയും വിജേഷിനെ ചുമലില്‍ കെട്ടി മുറുക്കി പാറക്കെട്ടുകളിലൂടെ ശ്രദ്ധയോടെ ചുവടുവെച്ച് കയറില്‍ തൂങ്ങി മുകളിലെത്തിക്കുകയായിരുന്നു. ഒരാള്‍ ജീവനുവേണ്ടി യാചിക്കുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നായിരുന്നു തിരിച്ചുകയറിയ ശേഷം ഫസലുദ്ദീന്റെ പ്രതികരണം.

വിജേഷിനെ മുകളിലെത്തിച്ചയുടന്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ വിജേഷും കൂട്ടുകാരും ഫസലുദ്ദീനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു. പുറ്റമണ്ണയിലെ പുളിക്കല്‍ ചേക്കുണ്ണി-ആയിശ ദമ്പതിമാരുടെ മകനാണ് ഫസലുദ്ദീൻ. ഭാര്യ ജുഫ്ന ഷെറിനും ഫിസ മെഹ്റിന്‍ മകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News