ചാറ്റ് ജിപിടിയെ കടത്തിവെട്ടാന്‍ ഒരുമുഴം മുന്നെ എറിഞ്ഞ് സുന്ദര്‍ പിച്ചൈ

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ടെക് ലോകത്ത് പുത്തന്‍ മാറ്റങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. സമാന്തര സംവിധാനങ്ങളായ ഗൂഗിളിനും, അലക്‌സയ്ക്കുമൊക്കെ ഭീഷണിയാകുമോ ജി പി ടി എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനിടയില്‍ പുതിയ നീക്കവുമായി ഗൂഗിള്‍ രംഗത്തുവന്നിരിക്കുകയാണ്. എ ഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് മോഡല്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ അറിയിച്ചു.

ഗൂഗിള്‍ പുതിയ ചാറ്റ്‌ബോട്ട് മോഡലുമായി രംഗത്തുവരുമെന്ന് ഏതാനും ദിവസങ്ങളായി സൂചന നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് സുന്ദര്‍ പിച്ചൈ ഇതില്‍ പ്രതികരണം നടത്തിയത്. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ എഐ അധിഷ്ഠിത സംവിധാനം ഒരുക്കുമെന്നാണ് സൂചന. എഐ അധിഷ്ഠിത ലാഗ്വേജ് മോഡലുകളായ ലാംഡയ്ക്ക് സമാനമായ രീതിയിലുള്ള പ്രോഗ്രാമിംഗ് ആകും ഗൂഗിള്‍ ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുന്ദര്‍ പിച്ചൈയുടെ നീക്കം. വാര്‍ത്താ വെബ്‌സൈറ്റായ സെമഫോറാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

നിലവില്‍ ഓണ്‍ലൈനായി കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലൂമാണ് ചാറ്റ് ജി പി ടിയുടെ സേവനം ലഭ്യമാകുന്നത്. എന്നാല്‍ കൂടുതല്‍ സേവനം ചാറ്റ് ജിപിടിയില്‍ ഉള്‍പ്പെടുത്തുമെന്നും പുത്തന്‍ അപ്‌ഡേറ്റായ ജിപിടി 4 വേര്‍ഷ്യനില്‍ കൂടുതല്‍ ജനപ്രിയത വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

ജനറേറ്റീവ് പ്രീട്രെയിന്‍ ട്രാന്‍സ്‌ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം. കമ്പ്യൂട്ടര്‍ നല്‍കുന്ന പോലെയല്ല, മനുഷ്യര്‍ നല്‍കുന്ന പോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നാണ് വലിയ പ്രത്യേകത. അതുതന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയായിരിക്കും. ഏത് ഭാഷാരീതിയിലും ചാറ്റ് ജിപിടി മറുപടി നല്‍കും. കുട്ടി പറയുന്നപോലെ പറയാന്‍ ആവശ്യപ്പെട്ടാല്‍, കുട്ടികളുടെ ഭാഷ ഉപയോഗിക്കാനും ജിപിടിക്ക് മടിയില്ല. ഇത്തരം ഫീച്ചേഴ്‌സ് തന്നെയാണ് ജിപിടിയെ ജനപ്രിയമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News