പന്തീരാങ്കാവ് യുഎപിഎ കേസ്; എന്‍ഐഎക്ക് തിരിച്ചടി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ ഐ എക്ക് തിരിച്ചടി. പ്രതി അലന്‍ ഷുഹൈബിന്റ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യം കൊച്ചി എന്‍ ഐ എ കോടതി തള്ളി. എന്നാല്‍, ജാമ്യവ്യവസ്ഥ ലംഘിക്കുന്നതിനെതിരെ കോടതി അലന്‍ ഷുഹൈബിന് താക്കീത് നല്‍കി.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയവെ റാഗിംങ് പരാതിയെ തുടര്‍ന്ന് അലന്‍ അറസ്റ്റിലായിരുന്നു. കുറ്റകൃത്യത്തില്‍ പങ്കാളിയായതോടെ അലന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി എന്‍ ഐ എ കോടതിയെ സമീപിച്ചു. പന്തീരാങ്കാവ് കേസില്‍ അലന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം.

ഹര്‍ജിയില്‍ വിശദമായ വാദം കേട്ട എന്‍ ഐ എ കോടതി എന്‍ ഐ എയുടെ ആവശ്യം തള്ളി. ജാമ്യം റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കിയെങ്കിലും അലന് ശക്തമായ താക്കീത് കോടതി നല്‍കി. ജാമ്യവ്യവസ്ഥ ലംഘിക്കുന്നത് ആവര്‍ത്തിക്കരുതെന്ന് കോടതി പറഞ്ഞു. സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

2019ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട്, കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തില്‍ കഴിയവെ അലന്‍ അടിപിടി കേസിലും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി ആരോപിച്ചും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും എന്‍ഐഎ കോടതിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here