സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി

സംസ്ഥാനം കടക്കെണിയിലാണ് എന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കടം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് കണക്കുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ 38.51 ശതമാനമായിരുന്നു കടം. 2021-22 ല്‍ ഇത് 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്‍റെ കുറവ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 36.38 ശതമാനമാണ്. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം-ആഭ്യന്തര വരുമാനം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത്, 2020-21 മുതല്‍ 2023-24 വരെയുള്ള നാലുവര്‍ഷക്കാലയളവില്‍ കടം 2.46 ശതമാനം കുറവാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടിവന്നതായി മുഖ്യമന്ത്രി സൂചിപ്പിച്ചു. ആ സാഹചര്യത്തില്‍ കടം വര്‍ദ്ധിച്ചത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നു. ഇതാണ് 2020-21ല്‍ ഇവിടെയും ഉണ്ടായത്. സമാനതകളില്ലാത്ത ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ കടം-ആഭ്യന്തര വരുമാന അനുപാതം ശരാശരി 30-31 ശതമാനത്തില്‍ നിന്ന് 38.51 ശതമാനമായി ഉയര്‍ന്നത്. ഇതിന്‍റെ കാരണം, കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടുകൂടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ്.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ശക്തമായ സമ്മര്‍ദ്ദം ഈ തീരുമാനമെടുക്കുന്നതിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു എന്നതും ഓര്‍ക്കണം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാരപ്രദമായ ഇടപെടലുകള്‍ക്കുവേണ്ടി വായ്പയെടുത്തത് മഹാ സാമ്പത്തിക അപരാധമാണെന്ന ആക്ഷേപം സാധാരണ നിലയിൽ കണക്കിലെടുക്കേണ്ട ഒന്നല്ല, മുഖ്യമന്ത്രി പറഞ്ഞു.

കേരളം കടക്കെണിയിലാണ് എന്ന പ്രചാരണത്തിലെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കാൻ കൂടുതൽ കണക്കുകൾ മുഖ്യമന്ത്രി ഉദ്ധരിച്ചു. 2021-22 ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കടം വളര്‍ന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്‍റെ വളര്‍ച്ച 10.33 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്‍റെ വളര്‍ച്ച 10.21 ശതമാനമാണ്.

ഈ കണക്കുകള്‍ കടവര്‍ദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല, മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ യുക്തിക്കു നേരെ തല്‍പ്പരകക്ഷികള്‍ വെച്ച കെണിയില്‍ ഒരാളും പെടാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടുമ്പോള്‍
കടക്കെണി എന്ന പ്രചാരണം ഏറ്റെടുത്തവര്‍ക്ക് അത് പൂട്ടിവയ്ക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

സംസ്ഥാനത്തിന്‍റെ വരുമാന വര്‍ദ്ധനയെക്കുറിച്ചുള്ള കണക്കുകളും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്‍റെ തനതു നികുതി വരുമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. 2021-22 ല്‍ 22.41 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ജി.എസ്.ടിയുടെ വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളര്‍ച്ചാനിരക്ക് 25.11 ശതമാനമാണ്, മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

നികുതി ഭരണരംഗത്തെ കാര്യക്ഷമതയാണ് ഈ കണക്കുകളുടെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത്തരം യാഥാര്‍ത്ഥ്യങ്ങൾ മറച്ചുവച്ചാണ് നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള അസംബന്ധ പ്രചാരണം നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നും മുഖ്യമന്ത്രി കണക്കുകൾ ചൂണ്ടിക്കാണിച്ച് വ്യക്തത വരുത്തി. കേന്ദ്ര ധനമന്ത്രാലയം വാര്‍ഷിക വായ്പാ പരിധി അഥവാ ധനകമ്മി പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. നിയമപരമായി പ്രത്യേക നിലനില്‍പ്പുള്ള കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റെ വായ്പയാണെന്ന് പ്രഖ്യാപിച്ചു.

അങ്ങനെ 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്തിന്‍റെ വരവ് – ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവര്‍ക്ക് വിശദമായ മെമ്മോറാണ്ടം സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായ രൂപീകരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ട്. കേന്ദ്രത്തിന്‍റെ ഇത്തരം നടപടികളാണ് ധനഞെരുക്കമുണ്ടാക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഇത്തരം നടപടികൾക്കെതിരെ സംസാരിക്കാൻ കോണ്‍ഗ്രസിനും യു.ഡി.എഫിനും മടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News