അദാനി വിഷയം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അദാനി വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. രാജ്യസഭയില്‍ ഭരണ- പ്രതിപക്ഷ എം പിമാര്‍ വാക്‌പോര് നടത്തി. അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് പ്രതിപക്ഷം രംഗത്തെത്തി. മോദിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മാപ്പു പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ വിഷയത്തില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വി ശിവദാസന്‍ എംപി രംഗത്തെത്തി.

രാജ്യസഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഭരണ- പ്രതിപക്ഷങ്ങള്‍ വാക്‌പോരില്‍ ഏര്‍പ്പെടുകയായിരുന്നു. അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ മോദിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഖാര്‍ഗെ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം പ്രതിഷേധിച്ചു. വി വാണ്ട് ജെപിസി മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി.

രാജ്യത്ത് തൊഴിലില്ലായ്മ ഗണ്യമായി വര്‍ദ്ധിക്കുന്നുവെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വി ശിവദാസന്‍ എം പി സഭയില്‍ ആരോപിച്ചു.സഭയില്‍ വാദപ്രതിവാദങ്ങള്‍ നടക്കുമെന്നും എന്നാല്‍ സഭാ അധ്യക്ഷന്‍ അത് നിയന്ത്രിക്കാനുള്ള റഫറി ആകാതെ കളിക്കാരനായി മാറുന്നുവെന്നും സഭാ അധ്യക്ഷനെതിരെ ബിനോയ് വിശ്വം എം പി ആരോപിച്ചു. അതേസമയം ഇടതുപക്ഷ എം പിമാര്‍ പി എഫ് പെന്‍ഷന്‍ പദ്ധതിയിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. അദാനി വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here