കതകില്‍ ചവിട്ടിയ സംഭവം; മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ടയില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. ഡിസിസി ഓഫീസിന്റെ കതകില്‍ ചവിട്ടിയ സംഭവത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. ബാബു ജോര്‍ജ് സംഘടനാ മര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിന്റെ ഈ നടപടി.

ഡിസിസി പുനഃസംഘടന വഴി പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരുന്നു നേതാക്കളുടെ തീരുമാനം. എന്നാല്‍ പുനഃസംഘടന യോഗത്തിലെ തര്‍ക്കം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ കൂടുതല്‍ ദുര്‍ബലമാക്കുകയാണ്. ഡിസിസി ഓഫീസിന്റെ കതകില്‍ ചവിട്ടിയ സംഭവത്തില്‍ കെപിസിസി നേതൃത്വം ആണ് ബാബു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഡിസിസി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ വിഷയത്തില്‍ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയവരെയും അകന്നു നില്‍ക്കുന്നവരെയും ഒപ്പം ചേര്‍ക്കണം എന്നായിരുന്നു ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെയും ഡിസിസി പ്രസിഡന്റയും നിലപാട്. വിഷയത്തില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ ഡിസിസി പുനഃസംഘടന യോഗത്തില്‍ നിന്ന് മുന്‍ ജില്ലാ പ്രസിഡന്റുമാരായ ബാബു ജോര്‍ജ്, പി മോഹന്‍രാജ് ,ശിവദാസന്‍ നായര്‍ എന്നിവര്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

യോഗം ബഹിഷ്‌കരിച്ചിറങ്ങിയതിന് പിന്നാലെയാണ് ബാബു ജോര്‍ജ് ഡിസിസി ഓഫീസിന്റെ കതകില്‍ ചവിട്ടിയത്. കെസി വേണുഗോപാല്‍ പക്ഷക്കാരായ പഴകുളം മധു ജില്ലയില്‍ നടത്തുന്ന കരു നീക്കങ്ങളില്‍ എ ഗ്രൂപ്പ് നേതാക്കള്‍ കടുത്ത അസംതൃപ്തിയിലാണ്. ബാബു ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ തര്‍ക്കം വരും ദിവസങ്ങളില്‍ രൂക്ഷമാക്കാന്‍ തന്നെയാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News