വഴുതക്കാട്ടെ തീ പിടിത്തം; കാരണം അറിയാൻ ഇന്ന് ശാസ്ത്രീയ പരിശോധന

തിരുവനന്തപുരം വഴുതക്കാട്ടുണ്ടായ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണമറിയാന്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും. ഫയര്‍ഫോഴ്സും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുക. തീപിടിത്തത്തിന്‍റെ വ്യക്തമായ കാരണമറിയാൻ ഫോറൻസിക് സംഘവും ഇന്ന് സ്ഥലത്ത് പരിശോധനയ്ക്കെത്തും.

വഴുതക്കാട് എം പി അപ്പൻ റോഡിലെ കെ എസ് അക്വേറിയം എന്ന സ്ഥാപനമാണ് ഇന്നലെ വൈകുന്നരമുണ്ടായ തീപിടിത്തത്തില്‍ പൂ‍ര്‍ണമായും കത്തി നശിച്ചത്. വെല്‍ഡിംഗ് ജോലിക്കിടെയുണ്ടായ തീപിടിത്തം ജീവനക്കാര്‍ അറിയാന്‍ വൈകി.പുറത്ത് പുക ഉയരുന്നത് കണ്ടപ്പോഴാണ് ജീവനക്കാര്‍ തീപിടിച്ച വിവരം അറിയുന്നത്. നാല് മണിക്കൂറോളമെടുത്താണ് ഫയർഫോഴ്‌സ് തീ അണച്ചത്.

പുറത്തെ കനത്ത ചൂട് തീപിടിത്തത്തിന്റെ തീവ്രത കൂട്ടി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥാപനത്തിലെത്തി ശാസ്ക്രീയപരിശോധന നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടെത്തും.കടയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് വെല്‍ഡിംഗ് നടത്തിയതെന്നാണ് ഉടമ പറയുന്നത്. മുന്‍കൂര്‍ അനുമതി തേടി നടത്തേണ്ട പ്രവൃത്തിയാണോ കടയ്ക്കകത്ത് ചെയ്തതെന്ന് പരിശോധിക്കും.

അതേസമയം, അക്വേറിയതിനുള്ള വ്യാപാര ലൈസൻസിൽ കെട്ടിടനമ്പർ രേഖപ്പെടുത്തിയിട്ടില്ലെന്നും.റസിഡൻസ് അസോസിയേഷൻ നല്കുന്ന ഹൗസ് നമ്പർ മാത്രമാണ് നൽകിയിട്ടുള്ളതെന്നും ഓൺലൈൻ വഴിയുള്ള കോർപറേഷന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച രേഖകളിൽ ടി സി നമ്പർ ഉണ്ട്. എന്നാൽ രേഖകളിൽ കെട്ടിടം താമസാവശ്യത്തിന് ഉപയോഗിക്കുന്നതാണെന്നാണ് കണ്ടെത്തൽ. രണ്ടുനിലയോളം പൊക്കത്തിൽ തകര ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

വിവിധ തരം അക്വേറിയങ്ങളും ഗ്ലാസ് ബൗളുകളും അലങ്കാരമത്സ്യങ്ങളും അവയുടെ ഭക്ഷ്യവസ്തുക്കളുമാണ് കടയ്ക്കുളളിലുണ്ടായിരുന്നത്. 50,000 രൂപയുടെ വിവിധ ഇനങ്ങളിൽപ്പെട്ട അലങ്കാര മത്സ്യങ്ങള്‍ തീപിടിക്കുമ്പോള്‍ കടയിലുണ്ടായിരുന്നു. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയുരത്തല്‍. അക്വേറിയതിലും ഗോഡൗണിലുമായി ആറ് ജീവനക്കാരും അറ്റകുറ്റപ്പണി നടത്തുന്ന രണ്ട് തൊഴിലാളികളും ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും തീ പടർന്നപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ 2 വീടുകളിലേക്ക് കൂടി തീപടർന്നെങ്കിലും ആളപായമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News