അഭിഭാഷകര്‍ക്ക് നീതിബോധം ഉണ്ടാകണം: മുഖ്യമന്ത്രി

അഭിഭാഷകര്‍ക്ക് നീതിബോധവും സുതാര്യശുദ്ധിയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യശുദ്ധിയോടെയുള്ള കോടതി നടപടികള്‍ കൂടുതല്‍ തെളിമയുള്ളതാക്കണമെന്നും എങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസം വര്‍ധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

നീതി നിഷേധിക്കപ്പെടുമ്പോള്‍ അഭിഭാഷകര്‍ സ്വമേധയാ ഇടപെടുന്ന രീതി മുന്‍പ് ഉണ്ടായിരുന്നു. എന്നാല്‍ ആ സംസ്‌കാരത്തിന് വിരുദ്ധമായി ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇന്നുണ്ടാകുന്നുണ്ടെന്നും അത് തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ജൂനിയര്‍ അഭിഭാഷകര്‍ക്കുള്ള സ്റ്റൈപെന്‍റ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും കോടതികളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനോടൊപ്പം പ്രധാനമാണ് അഭിഭാഷകരുടെ നീതിബോധവും നീതിയുക്തമായ ഇടപെടലുകളും. നിയമങ്ങളെ നീതി ലഭ്യമാക്കുന്നതിനുളള ഉപാധിയായി ഉപയോഗിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ലെജിസ്ലേറ്റീവ്, എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ദുര്‍ബലപ്പെട്ടാല്‍ ജനാധിപത്യം ആകെ ദുര്‍ബലമാകുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. കെ.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, നിയമ, മന്ത്രി പി.രാജീവ്, അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ്, കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി ജോസഫ് ജോണ്‍, ട്രഷറര്‍ അഡ്വ. കെ.കെ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here