ചെറുത്തുപോലും നില്‍ക്കാതെ ഓസ്‌ട്രേലിയ കീഴടങ്ങി

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ. ഒരു ഇന്നിംഗ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. 223 എന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാനിറങ്ങിയ ഓസിസ് ബാറ്റിംഗ് നിര രണ്ടാം ഇന്നിംഗ്‌സില്‍ മുന്നക്കം കടന്നില്ല. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓസിസ് അടിപതറിയപ്പോള്‍ മൂന്നാം ദിനത്തത്തില്‍ ചായക്ക് മുമ്പേ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സ് എടുക്കാനേ ഓസ്‌ട്രേലിയക്ക് കഴിഞ്ഞുള്ളു.

5 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനാണ് ഓസിസ് ബാറ്റിംഗ് നിരയുടെ അടിവേരിളക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ അശ്വിന്റെ മുപ്പത്തിയൊന്നാം അഞ്ച് വിക്കറ്റ് നേട്ടമാണ്. ഒന്നാം ഇന്നിംഗിസില്‍ ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ രവീന്ദ്ര ജഡേജ രണ്ടാം ഇന്നിംഗ്‌സില്‍ 2 വിക്കറ്റ് നേടി. മുഹമ്മദ് ഷമിക്കും 2 വിക്കറ്റും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

25 റണ്‍സുമായി പുറത്താകാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ആണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. സ്മിത്തിനെ കൂടാതെ മൂന്ന് ഓസിസ് ബാറ്റ്‌സ്മാന്മാര്‍ക്ക് കൂടിയേ രണ്ടക്കം കടക്കാന്‍ സാധിച്ചുള്ളൂ.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 177നെതിരെ ഇന്ത്യ 400 റണ്‍സ് നേടി. 120 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു ടോപ് സ്‌കോറര്‍. 84 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും 70 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 37 റണ്‍സെടുത്ത മുഹമ്മദ് ഷമിയും ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയ സ്പിന്നര്‍ ടോഡ് മര്‍ഫി 7 വിക്കറ്റ് നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here