ഖത്തറിലും സ്വദേശിവത്കരണ നടപടികള്‍ ശക്തമാകുന്നു

അറബ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലും നടപടികള്‍ കടുക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള കരട് നിയമത്തിന് ഇന്നലെ ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. അതിനു പിന്നാലെ സ്വകാര്യ തൊഴില്‍ മേഖലയിലെ ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.

തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കാണ് ഖത്തര്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ഈ പുതിയ തീരുമാനമെടുത്തത്.

സ്വകാര്യമേഖലയില്‍ നടത്തേണ്ട സ്വദേശിവത്കരണത്തിന്റെ അളവ് മുന്‍കൂട്ടി തീരുമാനിക്കും. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചില തൊഴിലുകളാണ് സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തുകയെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

സ്വദേശിവത്കരണം നടപ്പാക്കുന്ന കമ്പനികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍, ഖത്തറി പൗരന്‍മാര്‍ക്ക് നല്‍കേണ്ട വേതനം എന്നിവയെ കുറിച്ചെല്ലാം നിയമത്തില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ജി സി സിയിലെ പ്രമുഖ രാജ്യങ്ങളായ സൗദിയിലും യു എ ഇയിലുമെല്ലാം സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ശക്തമായി മുന്നോട്ട് പോവുകയാണ്. യു എ ഇയില്‍ അന്‍പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്വകാര്യ കമ്പനികളാണ് മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കേണ്ടത്.

നടപടി ഓരോ ആറുമാസവും നിരീക്ഷിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കാത്തവര്‍ക്ക് പിഴ ഈടാക്കും. ജൂലൈയില്‍ തന്നെ നടപടികള്‍ ആരംഭിക്കും. നിയമിക്കാത്ത ഓരോ പൗരനും 7,000 ദിര്‍ഹം വീതമാണ് യു എ ഇ പിഴ നിശ്ചയിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ തോത് വര്‍ധിക്കും.

നിലവില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഖത്തറില്‍ ജോലി ചെയ്തു വരുന്നത്. ഇത്തരത്തില്‍ ലോകത്തെമ്പാടുനിന്നുള്ള പ്രവാസികളെ സ്വദേശിവത്കരണം ബാധിക്കും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News