രമേഷ് ബയ്സ് മഹാരാഷ്ട്ര ഗവര്‍ണര്‍

മഹാരാഷ്ട്രയില്‍ ഭഗത് സിങ് കോഷിയാരിക്ക് പകരം രമേശ് ബയ്‌സ് ഗവര്‍ണറായി ചുമതലയേല്‍ക്കും. ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്സിനെയാണ് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചത്.

ഏഴ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റുകയും ആറു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി എസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശിലും മുതിര്‍ന്ന ബിജെപി നേതാവ് സി പി രാധാകൃഷ്ണനെ ഝാര്‍ഖണ്ഡിലും ഗവര്‍ണറായി നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അടുത്തിടെയാണ് വിരമിച്ചത്.

ബാബറി മസ്ജിദ് കേസിലും മുത്തലാഖ് കേസിലും വിധി പറഞ്ഞ ബെഞ്ചില്‍ അബ്ദുല്‍ നസീറും അംഗമായിരുന്നു. മുത്തലാഖില്‍ ജസ്റ്റിസ് നസീര്‍ അനുകൂല വിധി പറഞ്ഞിരുന്നു. നോട്ട് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയതും അബ്ദുല്‍ നസീര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ്.  ഇതിനു പുറമേ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ ഗവര്‍ണറായി ചുമലയേല്‍ക്കും.

ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആര്‍ കെ മാത്തൂറിന്റെ രാജിയും രാഷ്ട്രപതി ഭവന്‍ സ്വീകരിച്ചു. മാത്തൂറിന് പകരം റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ ബിഡി മിശ്ര ലഡാക്കില്‍ ലഫ്റ്റനന്റ് ഗവര്‍ണറാകും. നിലവില്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണറാണ് അദ്ദേഹം. ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ഗുലാംചന്ദ് കഠാരിയ അസമിലും ശിവപ്രസാദ് ശുക്ല ഹിമാചലിലും രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ബിഹാറിലും ഗവര്‍ണറാകും. അനസൂയ ഉയ്‌ക്കെയെ മണിപ്പൂര്‍ ഗവര്‍ണറായും മാറ്റി നിയമിച്ചു.
അതേസമയം മൂന്നാഴ്ച മുന്‍പാണ് രാഷ്ട്രീയത്തില്‍ നിന്ന വിരമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കോഷിയാരി കത്തയച്ചത് . ഇനിയുള്ള കാലം എഴുത്തിലേക്കും വായനയിലേക്കും മാറുന്നതിനായി ആഗ്രഹിക്കുന്നുവെന്ന് രാജ്ഭവന്‍ ഇറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ഏഴ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റിയും, ആറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News