ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രാപ്രദേശ് ഗവർണർ

വിവാദ വിധികൾ പുറപ്പെടുവിച്ച മുൻ ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശിന്റെ ഗവർണറായി കേന്ദ്രം നിയമിച്ചു. ബാബറി-രാമജന്മഭൂമി കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിയാണ്  എസ് അബ്ദുൽ നസീർ. നിയമനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ട ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകുന്നതായിരുന്നു സുപ്രീംകോടതി വിധി.

ബെഞ്ചിലെ ഏക മുസ്‌ലീം അംഗം കൂടിയായിരുന്ന ജസ്റ്റിസ് നസീർ, 2023 ജനുവരി നാലിനാണ് വിരമിച്ചത്. കർണാടക ഹൈക്കോടതിയിൽ നിന്ന് 2017 ഫെബ്രുവരിയിലാണ് ജസ്റ്റിസ് നസീർ സുപ്രീംകോടതിയിലേക്ക് നിയോഗിക്കപ്പെട്ടത്. ബാബറി കേസിന് പുറമേ, സ്വകാര്യതയ്ക്കുള്ള അവകാശം കൈകാര്യം ചെയ്ത കെഎസ് പുട്ടസ്വാമി കേസ്, മുത്തലാഖ് കേസ്, നോട്ടുനിരോധനം, ജനപ്രതിനിധികളുടെ പ്രസംഗത്തിന് അധിക നിയന്ത്രണം ആവശ്യമാണോ എന്ന കേസ് തുടങ്ങിയവയിലും വിധി പറഞ്ഞത് ജസ്റ്റിസ് അബ്ദുൽ നസീർ അടങ്ങിയ ബെഞ്ചാണ്.

മുത്തലാഖ് കേസില്‍ വിധി പറഞ്ഞ ബെഞ്ചില്‍ ജസ്റ്റിസ്  അബ്ദുല്‍ നസീറും അംഗമായിരുന്നു. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലീം സമുദായത്തിൽ നിന്ന് രണ്ടാമത്തെ ഗവർണറാവുകയാണ് ജസ്റ്റിസ് അബ്ദുല്‍ നസീർ. അതേസമയം സുപ്രീംകോടതി ജഡ്ജിമാരെ ഇത്തരം പദവികളിൽ നിയമിക്കുന്നത് അപൂർവ്വമാണ്.

നോട്ടുനിരോധനം ശരിവെച്ച ഭരണഘടനാ ബഞ്ചിനെ നയിച്ചതും ജസ്റ്റിസ് അബ്ദുല്‍ നസീറായിരുന്നു. ഈ കേസിൽ വിധി പറഞ്ഞ ശേഷമാണ് ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടുനിരോധനം റദ്ദാക്കാനാകില്ലെന്നായിരുന്നു കേസിലെ ഭൂരിപക്ഷ വിധി. ജസ്റ്റിസ് നാഗരത്‌ന വിധിയോട് വിയോജിച്ചു. നോട്ടുനിരോധനം നടപ്പാക്കേണ്ടത് വിജ്ഞാപനത്തിലൂടെയല്ല, നിയമനിർമാണത്തിലൂടെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. പാർലമെന്റിനെ ഇരുട്ടിൽ നിർത്തി ഇത്രയും സുപ്രധാനമായ തീരുമാനം കൈക്കൊള്ളരുതായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, രാജ്യത്ത് 13 ഇടങ്ങളിലാണ് ഗവ‍ർണർമാർക്ക് മാറ്റം നൽകിയിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയടക്കം ആറ് പുതിയ ഗവ‍ർണർമാരെയാണ് നിയമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here