അദാനിയിൽ കണ്ണുരുട്ടി സുപ്രീംകോടതി; മറുപടി തയ്യാറാക്കി കേന്ദ്രം

അദാനി വിഷയത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെ, വിശദമായ മറുപടി തയ്യാറാക്കുകയാണ് കേന്ദ്രസർക്കാർ. അദാനി ഓഹരിതട്ടിപ്പ് സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാരിനെതിരെയും സെബിക്കെതിരെയും കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് അദാനിയുടെ ഓഹരിതട്ടിപ്പിൽ ആശങ്ക പ്രകടിപ്പിച്ചത്. അദാനി വിഷയം ഭയാനകമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ചന്ദ്രചൂഡ് ചോദിച്ചു. ‘സാധാരണയായി ചെറിയ രീതിയിൽ ഇത്തരം സംഭവങ്ങൾ നടന്നുവരാറുണ്ട്. എന്നാൽ പത്രവാർത്തകളിൽനിന്നും ഞാൻ മനസ്സിലാക്കുന്നത് തട്ടിപ്പിന്റെ വ്യാപ്തി ഭയാനകമാണ് എന്നാണ്’. ഓഹരികളിൽ നിക്ഷേപിക്കുന്നവർ പണക്കാർ മാത്രമല്ലെന്നും, ഇത്തരം തട്ടിപ്പുകളിൽ ഇരകളാകുന്നത് മധ്യവർഗ നിക്ഷേപകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തുതരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സെബിയോട് കോടതി ചോദിച്ചു.

റിസർവ് ബാങ്കിന്റെ യോഗം കഴിഞ്ഞ ശേഷം പുറത്തെത്തിയ നിർമല സീതാരാമൻ എന്തുതരം മറുപടിയാണ് നൽകുക എന്ന സൂചന മാധ്യമങ്ങളോട് പങ്കിട്ടുവെച്ചില്ല. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 13ന് കോടതിയിൽ മറുപടി സമർപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി. സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്റർമാരായ സെബിയോടും പതിമൂന്നാം തിയ്യതി മറുപടി സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here