13000 കോടി ഒഴുക്കിയിട്ടും വൃത്തിയാകാതെ ഗംഗ

പതിനായിരക്കണക്കിന് കോടി രൂപ മുടക്കിയ കേന്ദ്ര സര്‍ക്കാരിന്റെ ‘നമാമി ഗംഗേ’ പദ്ധതി ലക്ഷ്യം കണ്ടില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ‘നമാമി ഗംഗേ’ പദ്ധതി അഞ്ച് വര്‍ഷം പിന്നിട്ടെങ്കിലും ഗംഗ മലിനമായി തുടരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര ജലശക്തി മന്ത്രാലയം. രാജ്യസഭയില്‍ ഡോ വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ്  ജലശക്തി മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്.

2014 ല്‍ ആരംഭിച്ച പദ്ധതിക്കായി ഇതുവരെ ചിലവഴിച്ചത് 12,833 കോടി രൂപയാണ്. 97 ഇടങ്ങളില്‍ ഗംഗയുടെ ജലത്തിന്റെ ഗുണനിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അളക്കുന്നുണ്ട്. ഇതില്‍ 71 ഇടത്തും ജലത്തിലെ മാലിന്യം അനുവദനീയമായ പരിധിയിലും വളരെ കൂടുതലാണ്.

500/100 മില്ലി ആണ് ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അനുവദനീയമായ പരിധി. ഏറ്റവുമധികം പണം ചിലവാക്കിയ പ്രയാഗ് രാജില്‍ പോലും 680 ആണ് ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ്. പ്രയാഗ്രാജിന് ശേഷം ഉള്ള മെഷറിങ് സ്റ്റേഷന്‍ ആയ മിര്‍സാപൂരില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 2017 ല്‍ 1700 ആയിരുന്നത് 2022 ല്‍ 13000 ആയി ഉയര്‍ന്നു.

മുപ്പതോളം മെഷറിങ് സ്റ്റേഷനുകളില്‍ മാലിന്യത്തിന്റെ തോത് പരിധി വിട്ട് ഉയര്‍ന്നതായി മന്ത്രാലയം നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ബക്സര്‍, പാറ്റ്ന, ത്രിവേണിഘട്ട്, ഭാഗല്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആറ് മുതല്‍ രണ്ട് ഇരട്ടി വരെ വര്‍ധിച്ചു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘നമാമി ഗംഗേ’യുടെ പേരില്‍ വന്‍തോതില്‍ പണം ചിലവാക്കിയിട്ടും ഗംഗയില്‍ മാലിന്യം വര്‍ദ്ധിച്ചത് പദ്ധതി പരാജയപ്പെട്ടതിന്റെ കൂടി തെളിവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News