പുൽവാമ ഭീകരാക്രമണത്തിന് ശേഷം സംഭവിച്ചത്? നടുക്കം മാറാതെ രാജ്യം

രാജ്യം ഞെട്ടലോടെയാണ് പുൽവാമ ഭീകരാക്രമണത്തിന്റെ ഓരോ നിമിഷവും ഓർത്തെടുക്കുന്നത്.നാലാം വര്ഷം കടന്നുപോകുമ്പോൾ പുൽവാമ ആക്രമണവും അതിന് ശേഷം ഉണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങളും ഇന്നും മറക്കാനാകില്ല. 2019 ഫെബ്രുവരി 14ന് 40 സിആർപിഎഫ് ജവാന്മാരാണ് പുൽവാമയിൽ രക്തസാക്ഷികളായത്. സ്ഫോടക വസ്തു നിറച്ചെത്തിയ ഒരു വാഹനം സിആർപിഎഫ്  സംഘം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ജമ്മു കാശ്മീർ ദേശീയപാതയിലായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.  ഭീകരസംഘടനയായ ജയ്ഷെ  മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാൻ ബന്ധം വീണ്ടും യുദ്ധമുഖം വരെ എത്തി. പുൽവാമയ്ക്ക് മറുപടിനൽക്കാൻ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഫെബ്രുവരി 26 ന് നിയന്ത്രണരേഖ കടന്നു. പാകിസ്ഥാനിലേക്ക് കടന്ന യുദ്ധവിമാനങ്ങൾ ബാലകോട്ടിലെ പാക് ഭീകര ക്യാമ്പിൽ ബോംബുകൾ വർഷിച്ചു. മുന്നൂറിലധികം ഭീകരരെയാണ്  ആക്രമണത്തിൽ കൊലപ്പെടുത്തിയതെന്ന് ഇന്ത്യ അവകാശപ്പെട്ടു. തൊട്ടുപിന്നാലെ ഫെബ്രുവരി 27ന് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ  അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്ത് വ്യോമാക്രമണം നടത്തി.പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ തുരത്തിയ ഇന്ത്യൻ വ്യോമസേന ഒരു പാക് യുദ്ധവിമാനം തകർത്തു. ആക്രമണത്തിനിടയിൽ വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാൻ പറത്തിയ മിഗ് 21 യുദ്ധവിമാനവും തകർന്നു. വിങ് കമാണ്ടർ അഭിനന്ദനെ പാക് സൈന്യം പിടികൂടി. ഒരു യുദ്ധത്തിലേക്കെന്ന് സൂചന നൽകിയ നിമിഷങ്ങളായിരുന്നു പിന്നീട്. വലിയ പ്രത്യാക്രമണം ഉണ്ടാകുമെന്ന്  ഇന്ത്യൻ സൈന്യം നൽകിയ മുന്നറിയിപ്പിന് പിന്നാലെ അഭിനന്ദൻ വർത്തമാനെ പാകിസ്ഥാൻ വിട്ടയച്ചു.

പുൽവാമ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ആറ് പേരെ ഇന്ത്യൻ സൈന്യം വധിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുണ്ടായ പുൽവാമ ആക്രമണവും ആക്രമണത്തിന് നൽകിയ മറുപടിയുമൊക്കെ രാഷ്ട്രീയനേട്ടത്തിനായി ബിജെപി ഉപയോഗിച്ചു. ബാലകോട്ടിലെ  വ്യോമാക്രമണം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി  സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടി.

പുൽവാമ വിവാദം

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ നിരവധി സംശയങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ദേവീന്ദ്ര സിംഗിനെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ദേവീന്ദർ സിംഗിന് പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് എന്താണ് ബന്ധം എന്ന് ഇതുവരെ കേന്ദ്രസർക്കാരോ അന്വേഷണ ഏജൻസിയോ വെളിപ്പെടുത്തിയിട്ടില്ല. വിഷയം കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഉന്നയിച്ചപ്പോൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വെളിപ്പെടുത്താനാവില്ല എന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പുൽവാമ ആക്രമണത്തിന്റെ നാലാം വര്ഷം കടന്നുപോകുമ്പോൾ നടുക്കത്തോടൊപ്പം ഒരുപാട് സംശയങ്ങളും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News