കണ്ണീരുണങ്ങാതെ തുര്‍ക്കി; മരണസംഖ്യ 37,000 കടന്നു

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകള്‍ക്കായുള്ള  തിരച്ചില്‍ തുടരുന്നു. സ്‌നിഫര്‍ ഡോഗ്, തെര്‍മല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തം പാടേ തകര്‍ത്ത തുര്‍ക്കിയിലെ കര്‍മന്‍മറാഷ് പട്ടണത്തില്‍ തകര്‍ന്നടിഞ്ഞ 3 നില കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഇതിനിടെ തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 37,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 31,700 മരണവും സിറിയയില്‍ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. ഭൂകമ്പത്തില്‍ 6,589 കെട്ടിടങ്ങളാണ് ഇരുരാജ്യങ്ങളിലുമായി തകര്‍ന്നടിഞ്ഞത്. തുര്‍ക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേര്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.


ഭൂകമ്പം ബാധിച്ച സിറിയയില്‍ സഹായമെത്തിക്കുന്നതിനായി രണ്ട് അതിര്‍ത്തി ക്രോസിംഗുകള്‍ കൂടി തുറക്കുമെന്നും യുഎന്‍ അറിയിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഇപ്പോള്‍ ഒരു ക്രോസിംഗ് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വീണ്ടും ഒരു ക്രോസിംഗ്  കൂടി തുറക്കുമ്പോള്‍ ദുരന്തബാധിത  മേഖലകളിലേക്ക് കടക്കാന്‍ അത്  വലിയ സഹായമായിരിക്കു’മെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

വിമതരുടെ നിയന്ത്രണത്തിലുള്ള വടക്ക്-പടിഞ്ഞാറന്‍ സിറിയയിലേക്കുള്ള ക്രോസിംഗുകള്‍ തുടക്കത്തില്‍ മൂന്ന് മാസത്തേക്ക് തുറന്നിരിക്കുമെന്ന് യുഎന്‍ അറിയിച്ചു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് സഹായം ലഭിക്കാത്തതില്‍ നിരവധി സിറിയക്കാര്‍ രോഷാകുലരാണ്. എന്നാല്‍ പാശ്ചാത്യ ഉപരോധം രാജ്യത്തിന്മേല്‍ ഏര്‍പ്പെടുത്തിയ ആഘാതമാണ് രക്ഷാപ്രവര്‍ത്തനങ്ങളിലെ ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്ന് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. അസദ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും രാജ്യത്തിന്റെ എല്ലാ മേഖലകളുമായി ഇടപഴകാനുള്ള വിസമ്മതവുമാണ് പ്രധാന തടസ്സങ്ങളെന്നാണ് അന്താരാഷ്ട്ര സഹായ സംഘങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News