അമിത് ഷായുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നത്: സിപിഐഎം

കേരളത്തിനെതിരായ കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകള്‍ക്കെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. അമിത് ഷാ നടത്തിയ പ്രസ്താവന കേരള ജനതയെ അപമാനിക്കുന്നതാണ്. കേന്ദ്ര ധനമന്ത്രി തെറ്റായ ന്യായ വാദങ്ങളുമായി രംഗത്തിറങ്ങുന്നു. ഇത്തരം പ്രസ്താവനകളില്‍ യുഡിഎഫ് നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം, ജീവിതസൂചികകള്‍ എന്നിവയിലെല്ലാം മുന്നില്‍ നില്‍ക്കുന്നതാണോ കേരളത്തിന്റെ കുറവെന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന് സിപിഐഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുന്നതാണോ ഇത്തരം പ്രസ്താവനയ്ക്ക് കാരണമെന്നും സിപിഐഎം ചോദിച്ചു.

ബദല്‍ സാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇതിനെ തടയാന്‍ സാമ്പത്തികമായി കേരളത്തെ ഞെക്കിക്കൊല്ലാനുള്ള നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഈ നയത്തിന് ന്യായീകരണം ഒരുക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രി ചെയ്തിട്ടുള്ളത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ഇവര്‍ ശ്രമിക്കുന്നുവെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കേരളം കൃത്യമായി സമര്‍പ്പിക്കുന്നുണ്ട് എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കത്തിടപാടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യം പരിഗണിക്കുന്നതിന് പകരം തെറ്റായ ന്യായവാദങ്ങളുമായാണ് കേന്ദ്ര ധനമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നതെന്നും സിപിഐഎം വിമര്‍ശിച്ചു. കേരളത്തിന്റെ പുരോഗതി തകര്‍ക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന സംഘപരിവാറിന്റെ നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സിപിഐ എം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News