മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ കേന്ദ്രം അധികാര ദുര്‍വിനിയോഗം നടത്തുന്നു

ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ വിമര്‍ശവുമായി പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് ബിബിസിയുടെ ഓഫീസുകളില്‍ നടന്ന പരിശോധനയെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ചു.

മാധ്യമങ്ങളെ ഭയപ്പെടുത്തുന്നതിനായി കേന്ദ്ര ഏജന്‍സികളുടെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത് ആഴ്ചകള്‍ക്ക് ശേഷമാണ് ആദായ വകുപ്പിന്റെ നടപടി. ബിബിസി പുറത്ത് വിട്ട ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട മാധ്യമ സ്ഥാപനത്തെ അറിയിച്ച് നിയമപരമായി നേരിടുകയാണ് വേണ്ടത്. അല്ലാതെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ചു.

ഇന്ന് ഉച്ചയോടെയാണ് ബിബിസിയുടെ മുംബൈ, ദില്ലി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തിയത്.നികുതി വെട്ടിപ്പ് നടത്തിയെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. രണ്ട് ഓഫീസുകളിലെയും ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് റെയ്ഡ് എന്നാണ് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നത്. നേരത്തെ ഡോക്യുമെന്ററിയുടെ എല്ലാ ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നാണ് ബിബിസി ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബ്രീട്ടീഷ് രേഖകളുടെ അടിസ്ഥാനത്തിലാണ് ചാനല്‍ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഡോക്യുമെന്ററി നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News